അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി : ഫറോക്ക് റെയില്‍വേ സ്റ്റേഷന് പ്രവൃത്തികള്‍ ഇഴയുന്നു
1589947
Monday, September 8, 2025 5:08 AM IST
കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷൻ പ്രവേശന ഭാഗത്ത് പൂട്ടുകട്ട പാകുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. രണ്ടാഴ്ച മുൻപ് തുടങ്ങിയ പ്രവൃത്തി ഇതുവരെ പാതി പോലും കഴിഞ്ഞിട്ടില്ല. പ്രവൃത്തിയുടെ ഭാഗമായി സ്റ്റേഷൻ കെട്ടിട പരിസരത്തേക്ക് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഏറെ ദൂരം നടന്നു പോകേണ്ട ഗതികേടിലാണ് യാത്രക്കാർ.
സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടം ഭാഗികമായി അടച്ചിട്ടുണ്ട്. ഓട്ടോ ടാക്സി വാഹനങ്ങൾ സ്റ്റേഷൻ വളപ്പിന് പുറത്താണ് നിർത്തിയിടുന്നത്. ഇതിനാൽ ട്രെയിൻ ഇറങ്ങി വരുന്നവരും യാത്രയ്ക്ക് എത്തുന്നവരും പ്രയാസം നേരിടുകയാണ്. രോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയ യാത്രക്കാരെയാണ് ഏറെ ബാധിക്കുന്നത്. കഴിഞ്ഞ 23ന് തുടങ്ങിയ പൂട്ടുകട്ട പാകൽ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫറോക്ക് സ്റ്റേഷനിൽ റെയിൽവേ നവീകരണം നടപ്പാക്കുന്നത്.2024 ഫെബ്രുവരിയിൽ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി പല സ്റ്റേഷനുകളിലും പൂർത്തിയായെങ്കിലും ഫറോക്കിലെ പ്രവൃത്തികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉപരിതലം ഉയരം കൂട്ടൽ, സ്റ്റേഷൻ കവാടത്തിൽ പുതിയ പൂമുഖം (പോർട്ടിക്കോ) നിർമിക്കൽ, പാർക്കിംഗ് ഏരിയ വിപുലീകരണം, അലങ്കാര വിളക്കുകൾ തുടങ്ങിയ പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. നിർമാണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.