സുഹൃത്തുക്കള്‍ യുവാവിന്റെ മൃതദേഹം ചവിട്ടിതാഴ്ത്തിയ സംഭവം : മൃതദേഹാവശിഷ്ടങ്ങൾക്കായുള്ള പരിശോധന ഇന്ന് പുനരാരംഭിക്കും
1589960
Monday, September 8, 2025 5:22 AM IST
കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായുള്ള പരിശോധന ഇന്ന് പുനരാരംഭിക്കും.നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ആന്‍ഡ് സ്റ്റഡി സെന്ററി(എൻസിഇഎസ്എസ് സി) ന്റെ സഹായത്തോടെയാണ് പരിശോധന നടക്കുക.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നായിരുന്നു സരോവരത്തിന് സമീപത്തെ ചതുപ്പിലെ പരിശോധന നിർത്തിവച്ചത്. മഴ മാറിയ സാഹചര്യത്തിലാണ് പരിശോധന വീണ്ടും നടത്തുന്നത്. നിലവിൽ ചതുപ്പിൽ മഴവെള്ളവും ചെളിയും കെട്ടികിടക്കുന്നുണ്ട്.
മോട്ടോറുകളും ഹിറ്റാച്ചിയുംഎത്തിച്ച്ആദ്യംചെളിയുംവെള്ളവും വറ്റിക്കും. ചതുപ്പിലേക്ക് ജെസിബിയും മണ്ണുമാന്തിയും എത്തിക്കുന്നതിനായി റോഡ് നിർമിച്ചിട്ടുണ്ട്. തുടർന്ന് എൻസിഇഎസ്എസ് സിയുടെ റഡാർ സഹായത്തോടെ പരിശോധന നടത്തും.
ലാൻഡ് പെനിറ്റ് റൈറ്റിംഗ് റഡാർ സംവിധാനം മണ്ണിനടിയിലുള്ള മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഫലപ്രദമാണ്. അഞ്ചു മുതൽ 10 മീറ്റർ വരെ ആഴത്തിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ ഇതുവഴി കണ്ടെത്താനാകും. ഇതിന് പുറമേ ഡോഗ് സ്ക്വാഡിലെ കഡാവർ നായകളുടെ സഹായവും ഉപയോഗപ്പെടുത്തും.
തെരിച്ചിലിന്റെ ഭാഗമായി ഒന്നാംപ്രതി എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ , വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്ത്തുകയായിരുന്നുവെന്നാണ് മൊഴി.