പമ്പ്സെറ്റ് തകരാറിലായിട്ട് രണ്ടാഴ്ച : കുടിവെള്ളമില്ലാതെ നൂറോളം കുടുംബങ്ങള്‍
1590238
Tuesday, September 9, 2025 5:20 AM IST
മുക്കം: രണ്ടാഴ്ച മുമ്പ് തകരാറിലായ പമ്പ്സെറ്റ് നന്നാക്കാന്‍ നടപടിയില്ലാതായതോടെ ജല അഥോറിറ്റിയുടെ കോട്ടമുഴി പമ്പ് ഹൗസിനെ ആശ്രയിക്കുന്ന നൂറോളം കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പെട്ട മാട്ടുമുറി, ഒന്‍പതാം വാര്‍ഡില്‍പെട്ട പൊലുകുന്ന് നിവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് ദുരിതത്തിലായത്.
മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണിത്. അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മാട്ടുമുറിയില്‍ ഒരു കിണര്‍ പോലും ഇല്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ധതിയും ഓണക്കാലത്ത് വാര്‍ഡ് മെമ്പര്‍ യു.പി. മമ്മദിന്റെയും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെയും നേതൃത്വത്തില്‍ വാഹനത്തില്‍ എത്തിച്ചു നല്കിയ വെള്ളവുമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്.
എങ്കിലും ഇത് പകുതി ആവശ്യങ്ങള്‍ക്കുപോലും തികയാത്ത അവസ്ഥയാണ്. അമീബിക് മസ്തിഷ്ക ജ്വരമുള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുളങ്ങളിലും തോടുകളിലും ഇറങ്ങരുതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തൊട്ടടുത്ത തോട് മാത്രമാണ് ആശ്രയമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പമ്പുകള്‍ പ്രവര്‍ത്തന രഹിതമായതും പഴയ മോട്ടോര്‍ ആയതിനാല്‍ ശക്തി കുറഞ്ഞതുമാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. ഇടയ്ക്കിടെ പമ്പ്സെറ്റുകള്‍ തകരാറിലാകുമ്പോൾ അധികൃതര്‍ക്ക് നിസംഗതയാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.ജല അഥോറിറ്റിയുടെ കീഴില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവഴിഞ്ഞി തീരത്ത് കോട്ടമുഴിയില്‍ പമ്പ്ഹൗസ് സ്ഥാപിച്ചത്.
നേരത്തെ പഞ്ചായത്തിലെ ചില പ്രദേശത്ത് മാത്രമായിരുന്ന കുടിവെള്ള വിതരണം. തടായികുന്നില് സംഭരണ ടാങ്ക് സ്ഥാപിച്ചതോടെ പഞ്ചായത്തിലെ എല്ലായിടത്തും വിതരണം നടത്തി വരികയായിരുന്നു.