മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു
1590231
Tuesday, September 9, 2025 4:43 AM IST
കോഴിക്കോട്: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവരുടെ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടതായി പരാതി. നാലു ലക്ഷം മുതല്‍ രണ്ടുകോടി രൂപവെര നഷ്ടപ്പെട്ട നിക്ഷേപകരുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും ഡോക്ടര്‍മാരുമെല്ലാം തട്ടിപ്പിന് ഇരയായവരില്‍ ഉള്‍പ്പെടും.
കോഴിക്കോട് കസബ പോലീസ് ആറു പേരുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളിലേക്കു കടന്നിട്ടില്ല. കസബ സ്റ്റേഷനില്‍ 55 പേര് പരാതി നല്‍കിയിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെല്ലാം സൂക്ഷിച്ച പണമാണ് സൊസൈറിയില് മിക്കവരും നിക്ഷേപിച്ചിട്ടുള്ളത്.
പന്ത്രണ്ടു ശതമാനം പലിശ വാഗ്ദാനം ചെയതാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്ന് തട്ടിപ്പിന് ഇരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
െ
സന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണിത്. കഴിഞ്ഞ ജനുവരി മുതലാണ് നിക്ഷേപത്തിനുള്ള പലിശ നല്‍കുന്നത് നിലച്ചത്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കുന്നില്ലെന്ന് തട്ടിപ്പിനിരയായ കണ്ണഞ്ചേരിയിലെ പി.ബൈജുവും കുണ്ടുപറമ്പിലെ പി. പ്രവീണും പറഞ്ഞു. മുതലക്കുളത്തെ മാന്വല്സണ്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് അടച്ചുപൂട്ടി. പണം കിട്ടാതായപ്പോള്‍ കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ മധുസൂദനനുമായി ബന്ധപ്പെട്ടപ്പോള്‍ പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി അവര്‍ പറഞ്ഞു.
എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ല. കോഴിക്കോട്ടുള്ള ചില നിക്ഷേപകര്‍ ഓംബുഡ്സ്മാന് പരാതി നല്‍കിയിരുന്നു. പതിനഞ്ചുദിവസത്തിനകം പലിശ സഹിതം തുക തിരിച്ചുനല്‍കാന്‍ ഓംബുഡ്സ്മാന് നിര്‍ദേശം നല്കി. അതിനുശേഷവും പണം കിട്ടിയില്ലെന്ന് അവര്‍ പറഞ്ഞു.
തട്ടപ്പിന് ഇരയായ നൂറിലധികം ആളുകള്‍ ചേര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതായതിനാല് കേന്ദ്ര മന്ത്രിയെ ഇടപെടുവിപ്പിക്കുന്നതിനായി ബിജെപി സംസ്ഥാന പ്രസിഡന്റിനു പരാതി നല്‍കിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയുമായി ചെന്നപ്പോള്‍ കസബ പോലീസ് നടപടിെയടുക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. അസി. പോലീസ് കമ്മീഷണ് ഇടപെട്ടശേഷമാണ് ആറ് പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റ്യാടി,വടകര എന്നിവിടങ്ങളിലും സൊസൈറ്റിക്ക് ബ്രാഞ്ചുകള്‍ ഉണ്ട്.
ഇതില്‍ വടകരയിലും കുറ്റ്യാടിയിലും പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ സ്റ്റേഷനിലും വ്യത്യസ്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.കോഴിക്കോട് ബ്രാഞ്ചില്‍ മാത്രം മുപ്പതുകോടിയിലധികം രുപയുടെ തട്ടിപ്പാണ് നടന്നതെന്ന് അവര്‍ പറഞ്ഞു.