കണ്ണാടിപ്പാറയിൽ കാട്ടുപന്നികൾ കപ്പകൃഷി നശിപ്പിച്ചു
1589953
Monday, September 8, 2025 5:08 AM IST
കൂരാച്ചുണ്ട്: കണ്ണാടിപ്പാറയിൽ കാട്ടുപന്നികൾ കപ്പ കൃഷി നശിപ്പിച്ചു. പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണാടിപ്പാറയിലെ കർഷകൻ ചുവപ്പുങ്കൽ രാജേഷ് തന്റെ കൃഷിയിടത്തിൽ നട്ടു പരിപാലിച്ചുവന്ന 50 ചുവട് കപ്പയും 30 ചുവട് ചേമ്പ് കൃഷിയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. വിളവെടുക്കാൻ പ്രായമായവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടും ഇവയെ ഉന്മൂലനം ചെയ്യാൻ വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല.
വിളകളുടെ നാശത്തിന് നഷ്ടപരിഹാര തുക നൽകാൻ അധികൃതർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. വാർഡ് മെമ്പർ വിത്സൺ പാത്തിച്ചാലിൽ സന്ദർശിച്ചു.