വേളത്ത് യുഡിഎഫിൽ പൊട്ടിത്തെറി; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
1543023
Wednesday, April 16, 2025 7:49 AM IST
വേളം: വേളം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പൊട്ടിത്തെറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു രാജിവച്ചു. അവസാനത്തെ ഒരുവർഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് കൈമാറാൻ നേരത്തേ തന്നെ മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ ധാരണയായിരുന്നു.
ഈ ധാരണ പ്രകാരം 2024 ഡിസംബർ മാസം അവസാനത്തോടെ അധികാരക്കൈമാറ്റം നടക്കേണ്ടതായിരുന്നു. എന്നാൽ ഇത് നടപ്പിലാവാതെ വന്നപ്പോൾ യുഡിഎഫ് ജില്ലാ നേതൃത്വം ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ഏപ്രിൽ മാസം അധികാരം കൈമാറാൻ തീരുമാനമായതുമാണ്. എന്നാൽ ഈ തീരുമാനവും നടപ്പിലാകാത്തതിനെ തുടർന്ന് അവസാനം മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. എന്നിട്ടും വ്യക്തമായ തീരുമാനത്തിൽ എത്താത്തതിന്റെ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് രാജിവച്ചത്.