സജീവമായി വിഷു വിപണി
1542259
Sunday, April 13, 2025 5:16 AM IST
കോഴിക്കോട്: വിഷു അടുത്തെത്തിയതോടെ വിപണിയും സജീവമായി. പച്ചക്കറി വിപണിയും പടക്കവിപണിയും ഇന്നലെ മുതല്‍ തിരക്കിലമര്‍ന്നു. പൊതുവേ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ട ഗതാഗത കുരുക്ക് ഇന്നലെയും തുടര്‍ന്നു.
അടുത്ത ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നുറപ്പാണ്. ഇത്തവണ വഴിയോര കച്ചവടക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഉള്ളിടത്ത് തിരക്കുണ്ട്. പാളയത്ത് പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര കടകളിലും അടുത്ത ദിവസങ്ങളില്‍ വില്‍പ്പന പൊടിപൊടിക്കും. കണിവെള്ളരിയാണ് വിഷു ആഘോഷങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍.
വേനൽമഴ ഉണ്ടെങ്കിലും ഇത്തവണത്തെ വിഷുവിനെ വലിയ പ്രതീക്ഷയോടെയാണ് വ്യാപാരി സമൂഹം കാണുന്നത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തന്നെ എത്തുന്ന വിഷു ആഘോഷം വിപണിയെ സജീവമാക്കി.വാഹന വിപണിയും ഇലക്ട്രോണിക്സ് വിപണിയും സജീവമായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓണം വിപണിയെ പോലെ തന്നെ വലിയ ഓഫറുകളുമായി ഇലക്ട്രോണിക്സ്, ഓട്ടമൊബീൽ മേഖലകൾ വിഷു വിപണിയെ വരവേൽക്കാൻ എത്തിയിട്ടുണ്ട്. ടെക്സ്റ്റൈൽ വിപണിയും പടക്ക വിപണിയും ഉണർന്നു കഴിഞ്ഞു. പടക്ക വിപണിയിലേക്ക് ശിവകാശി പടക്കങ്ങൾ തിരിച്ചെത്തിയെന്ന പ്രത്യേകത കൂടിയുണ്ട് ഈ വിഷുവിന്. ചൈനീസ് പടക്കങ്ങളും സജീവമാണ്. പടക്കങ്ങൾക്ക് വില കൂടിയിട്ടുണ്ട്.