വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിലെ നിർമാണ പ്രവൃത്തികൾക്ക് നിയന്ത്രണം: ആശങ്കയകറ്റണമെന്ന് സിപിഎം
1542261
Sunday, April 13, 2025 5:22 AM IST
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 9,10,11 വാർഡുകളിലെ നിർമാണ പ്രവൃത്തികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ജില്ലാ കളക്ടറുടെ വാക്കാലുള്ള നിർദ്ദേശം പുനഃപരിശോധിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും സിപിഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് ദുരന്തമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വാണിമേൽ പഞ്ചായത്ത് ഉൾപെടെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്ത സാധ്യതയില്ലാത്ത ഈ മേഖലയിലെ മൂന്ന് വാർഡുകളിലെ എല്ലാ പ്രദേശങ്ങളിലും വീട് നിർമാണമുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഈ നിർദ്ദേശം തടസമാകരുത്.
ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ പഞ്ചായത്തും ജില്ലാ ഭരണകൂടവും തയാറാകണമെന്ന് സിപിഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഏരിയാ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.പി. രാജീവൻ അധ്യക്ഷത വഹിച്ചു.