ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് തുടങ്ങി
1543029
Wednesday, April 16, 2025 7:49 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് നാലാം വാർഷികാഘോഷത്തിനും ടൂറിസം ഫെസ്റ്റിനും പെരുവണ്ണാമൂഴിയിൽ തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ മാതൃകയിൽ കാരവൻ പാർക്ക് ഉൾപ്പടെയുള്ള വികസന പദ്ധതികൾ പെരുവണ്ണാമൂഴിയിലും സ്ഥാപിക്കുന്നതിനെക്കുറിച്ച് ടൂറിസം വകുപ്പ് പരിഗണന നൽകും.
കോവിഡിനു ശേഷം വിനോദ സഞ്ചാരത്തിനു ജനങ്ങൾ കൂടുതൽ താൽപ്പര്യം പുലർത്തുന്നുണ്ട്. ഇതനുസരിച്ച് 2024 ൽ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ഭൂഘടനയ്ക്കനുസരിച്ച് ഓരോ മേഖലക്കും അനുയോജ്യമായ ടൂറിസം വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി. ഷീജ ശശി, കെ.ഇ. ബൈജു ഐപിഎസ്, എൻ.പി. ബാബു, ചിപ്പി മനോജ്, സി.കെ. ശശി, വി.കെ. ബിന്ദു, ഇ.എം. ശ്രീജിത്ത്, കെ.എ. ജോസ്കുട്ടി, ശോഭ പട്ടാണിക്കുന്നുമ്മൽ, എ.ജി. ഭാസ്കരൻ, ബോബി ഓസ്റ്റിൻ, ആവള ഹമീദ്, പി.എം. ജോസഫ്, ബിജു ചെറുവത്തൂർ, രാജീവ് തോമസ്, പി.പി. രഘുനാഥ്, പി.സി. സുരാജൻ എന്നിവർ പ്രസംഗിച്ചു.