എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ
1542265
Sunday, April 13, 2025 5:22 AM IST
നാദാപുരം: മേഖലയിൽ പോലീസും സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിൽ നിരോധിത മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി എം.കെ. മുഹമ്മദ് (29), ഒഞ്ചിയം സ്വദേശി പുതിയോട്ടും കണ്ടി നാവത്ത് പീടിക എൻ.പി. ഫർഷീദ് (39), കടമേരി സ്വദേശി പുതുക്കുടി വീട്ടിൽ കെ.സി. ജിജിൻ ലാൽ (31) എന്നിവരെ കടമേരിയിൽ നിന്നും വിഷ്ണുമംഗലം കിഴക്കെ പറമ്പത്ത് കെ.പി. റഹീസ് (27),
കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ വിഷ്ണുമംഗലം സ്വദേശി ചമ്പോട്ടുമ്മൽ കെ. മുഹമ്മദ് സായിദ് (27) എന്നിവരെ കല്ലാച്ചിയിൽ നിന്നുമാണ് നാദാപുരം എസ്ഐ എം.പി. വിഷ്ണു, നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്ന് 0.09 ഗ്രാം എംഡിഎംഎ പോലീസ് പിട കൂടി. കടമേരിയിൽ വാഹന പരിശോധനക്കിടെ കെഎൽ 11 സി ബി 0647 നമ്പർ കാറിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് സയിദിൽനിന്ന് 0.11 ഗ്രാം എംഡിഎംഎയും ഇയാൾ സഞ്ചരിച്ച കെഎൽ 18 എസി 8424 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ പറമ്പ് ഗവ. കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത്. പ്രതിയിൽനിന്ന് 0.05 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.