തൊഴിലുറപ്പ് പദ്ധതി; ഹാട്രിക്കടിച്ച് മണിയൂര്‍ പഞ്ചായത്ത്
1542269
Sunday, April 13, 2025 5:22 AM IST
കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജില്ലയില്‍ ഒന്നാമതായി മണിയൂര്‍ പഞ്ചായത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് മണിയൂര്‍ പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
13.71 കോടി രൂപ ചെലവഴിച്ച് 2500 കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയാണ് പഞ്ചായത്ത് ഈ നേട്ടത്തിന് അര്‍ഹമായത്. നൂറ് തൊഴില്‍ ദിനം നല്‍കിയതില്‍ സംസ്ഥാന തലത്തില്‍ അന്‍പതാം സ്ഥാനത്താണ് മണിയൂര്‍ പഞ്ചായത്ത്.
67 ഗ്രാമീണ റോഡുകള്‍, കോഴിക്കൂടുകള്‍, മലിനജല കുഴികള്‍, കംപോസ്റ്റ് കുഴികള്‍, തൊഴുത്തുകള്‍, ആട്ടിന്‍ കൂടുകള്‍, അസോള ടാങ്കുകള്‍, ഫാം പോണ്ടുകള്‍ എന്നിവയുടെ നിര്‍മാണവും 3,01,195 അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങളുമാണ് തൊഴിലുറപ്പിന്റെ ഭാഗമായി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പ്രധാന പ്രവൃത്തികള്‍.