അശാസ്ത്രീയ സമീപനങ്ങൾക്കെതിരേ ശക്തമായ നിയമ നടപടി: മന്ത്രി വീണാ ജോർജ്
1542263
Sunday, April 13, 2025 5:22 AM IST
കോഴിക്കോട്: പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഈ ഘട്ടത്തിലും കേരളത്തിൽ 4.3 എന്ന അഭിമാന നേട്ടമാണ് സാധ്യമാക്കിയത്. ഇതിനെതിരേ നിലകൊള്ളുന്ന പിന്തിരിപ്പൻ നയങ്ങളെ ഗൗരവത്തിലെടുക്കും മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും ആ നിലയിലുള്ള നിയമ നടപടികൾ കൈക്കൊള്ളും.
മലപ്പുറത്തെ സംഭവത്തിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിട്ടും ആവശ്യമായ പരിരക്ഷ നിഷേധിച്ചത് മനപ്പൂർവമുള്ള നരഹത്യയായി കണക്കിലെടുക്കും. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി.