ദേശീയപാത വികസനം; കുന്ദമംഗലത്ത് ബൈപാസ് നിർമിക്കണമെന്ന് വ്യാപാരികൾ
1542648
Monday, April 14, 2025 4:41 AM IST
കുന്ദമംഗലം: ദേശീയപാത 766 വികസിപ്പിക്കുമ്പോൾ കാരന്തൂർ, കുന്ദമംഗലം, അങ്ങാടികൾ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരെയുള്ള ഭാഗത്ത് ബൈപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്.
നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റും തിങ്ങിനിറഞ്ഞ ഇടമാണ് പ്രദേശം. എന്നാൽ, കുന്ദമംഗലത്ത് ബൈപാസ് നിർമാണം അനിശ്ചിതത്വത്തിലായതിൽ വ്യാപാരികൾ ആശങ്കയിലാണ്. വ്യാപാര കേന്ദ്രവും വിദ്യാഭ്യാസ ഹബുമായ കുന്ദമംഗലത്ത് ബൈപാസ് നിർമാണം അനിവാര്യമാണ് എന്നും അടുത്ത ഘട്ടത്തിൽ വ്യാപാരികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
ദേശീയപാത 766ൽ കൊടുവള്ളിയിലും താമരശ്ശേരിയിലുമാണ് ദേശീയപാത അധികൃതരുടെ പദ്ധതിയിൽ ബൈപാസ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ കുന്ദമംഗലത്ത് ബൈപാസ് നിർമിക്കേണ്ടതിന്റെ ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യകത പരിഗണിച്ച് പി.ടി.എ. റഹീം എംഎൽഎയുടെ നേതൃത്വത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസ് നിർമിക്കാൻ ആവശ്യം ഉയർത്തിയിരുന്നു.