കൂടുതൽ സുന്ദരിയാവാനൊരുങ്ങി മുക്കം; രണ്ടാം ഘട്ട സൗന്ദര്യവത്കരണ പ്രവൃത്തി ടെൻഡർ ചെയ്തു
1542267
Sunday, April 13, 2025 5:22 AM IST
മുക്കം: മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം ടൗൺ പരിഷ്ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നു. 4.8 കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ ചെയ്തു. ദിവസേന നൂറ് കണക്കിന് യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുക്കത്ത് രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ കൂടുതൽ സൗകര്യങ്ങളും വർധിക്കും.
രണ്ടാം ഘട്ട പരിഷ്ക്കരണത്തിന്റെ ഭാഗമായി തൃക്കുടമണ്ണ ക്ഷേത്രം റോഡ്, ഓർഫനേജ് റോഡ്, മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, ബൈപാസ് റോഡ്, പുതിയ സ്റ്റാൻഡ് റോഡ് എന്നിവ ഇന്റർലോക്ക് ചെയ്തു മനോഹരമാക്കും.
ഇതോടെ മുക്കം ടൗണിന്റെ മുഖഛായ തന്നെ മാറും. മുക്കത്തെ ഏക പൊതു ഇടമായ എസ്കെ പാർക്ക് നവീകരിക്കുന്നതിനും ഡ്രൈനേജ്, ഫുട്പാത്ത് എന്നിവ സ്ഥാപിക്കുന്നതിനും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
ഒന്നാം ഘട്ടത്തിൽ അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ നാലു വരിപാതയാക്കി മാറ്റിയിരുന്നു. മിനി പാർക്ക്, ആലിൻ ചുവട്, പിസി റോഡ് എന്നിവയുടെ നിർമാണവും ലൈറ്റുകൾ, ഡ്രൈനേജ്, ഫുട്പാത്ത് എന്നിവയും യാഥാർഥ്യമാക്കിയിരുന്നു. രണ്ടാം ഘട്ടം കൂടി പൂർത്തിയാവുന്നതോടെ മുക്കം കൂടുതൽ സുന്ദരിയാവും.