കരിയാത്തുംപാറയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
1543037
Wednesday, April 16, 2025 7:49 AM IST
കൂരാച്ചുണ്ട്: അവധിക്കാലമായതോടെ കൂരാച്ചുണ്ട് പഞ്ചായത്തിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറിലധികം പേരാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി ഇവിടെയെത്തിച്ചേർന്നത്. ഇതിൽ കുടുംബങ്ങളോടൊത്ത് സമയം ചെലവഴിക്കാൻ എത്തുന്നവരാണ് അധികവും.
കരിയാത്തുംപാറയിൽ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ഭാഗമായി ഇവിടെ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ഇവിടുത്തെ ഭൂപ്രകൃതിയുടെ ഭംഗിയുമാണ് ഏവരെയും ആകൃഷ്ടരാക്കുന്നത്. എന്നാൽ കുട്ടികൾക്കായും മറ്റുമുള്ള വിനോദങ്ങൾക്കുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കാത്തത് പലരേയും നിരാശരാക്കുന്നുണ്ട്.
ജില്ലയുടെ പുറത്തു നിന്നെത്തുന്നവരും ഏറെയാണ്. ജലസേചന വകുപ്പിന്റെ കീഴിലായി ഏക്കറുകണക്കിന് വിശാലമായി കിടക്കുന്ന പ്രദേശമാണിത്. ഇവിടെയെത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കായി കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.