ചുഴലിക്കാറ്റ് മുന്നൊരുക്കം: തയാറെടുപ്പുകള്‍ വിലയിരുത്തി മോക് ഡ്രില്‍
1542268
Sunday, April 13, 2025 5:22 AM IST
കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ബേപ്പൂര്‍ തുറമുഖം, ഫറോക്ക് ഐഒസിഎല്‍ എന്നിവിടങ്ങളില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. പൊതുസമൂഹവും ബന്ധപ്പെട്ട വകുപ്പുകളും ദുരന്തസമയത്ത് പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുകയായിരുന്നു പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യം.
സമയബന്ധിതവും ചിട്ടയായതുമായ മുന്നറിയിപ്പ് സംവിധാനം, വിവര വിനിമയം, മത്സ്യബന്ധന നിരോധനം, ആളുകളെ മാറ്റി പാര്‍പ്പിക്കല്‍, വാസ യോഗ്യമല്ലാത്ത വീടുകളില്‍ നിന്ന് സുരക്ഷിത വീടുകളിലേക്ക് മാറ്റുക, അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുക, ആവശ്യമായ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കുക, ഗുരുതരാവസ്ഥയിലും പരിക്കുകളുമുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സയും പരിശോധനയും നല്‍കുക,
ദുര്‍ബലമായ മേല്‍ക്കൂരകള്‍, പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ തുടങ്ങിയവ ഉറപ്പിക്കുക, ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ എയ്ഡ്, ഭക്ഷണ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച ജില്ലാ എമര്‍ജന്‍സി സെന്ററില്‍ ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം കൈമാറുകയും ഏകോപിപ്പിക്കുകയും ചെയ്തു.