സാമൂഹിക വിരുദ്ധരുടെ വിളയാട്ടം : ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്ന കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം
1542647
Monday, April 14, 2025 4:41 AM IST
കോഴിക്കോട്: ബീച്ച് ആശുപത്രിവളപ്പിൽ ലഹരിക്കടിപ്പെട്ടവരെ ചികിത്സിക്കുന്ന ഒഎസ്ടി (ഓറല്‍ സബ്സ്റ്റിറ്റ്യൂഷന് തെറപ്പി) സെന്റർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.കെട്ടിടത്തിന്റെ ബലക്ഷയവും ഭീഷണിയാവുന്നു.
നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ചികിത്സയുടെ മറവില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി ആശുപത്രി അധികൃതര്‍ നേരത്തെ കളക്ടര്ക്ക്പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ ജൂലൈ15ന് നടന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചിരുന്നു.
ഇതിന് പിഡബ്ല്യുഡി എൻജിനീയർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അധികൃതർ കെട്ടിടം പരിശോധിച്ചുപോയതല്ലാതെ കേന്ദ്രം ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ നടപടിയൊന്നും ആയിട്ടില്ല. കെട്ടിടം ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ് എന്നത് അപകട ഭീഷണിയും ഉയർത്തുന്നു.
ആശുപത്രി വളപ്പിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതും ജീനവക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെ അസഭ്യം പറയുന്നതും അടക്കം നിരവധി സംഭവങ്ങളും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അയൽ ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ വരെ മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ എത്തുന്നുണ്ട്.
ഒഎസ്ടി ക്ലിനിക്ക് ആയതിനാൽ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നതാണ് ഇവർക്ക് സഹായകമാവുന്നത്. മാത്രമല്ല കെട്ടിടം ബലക്ഷയം കാരണം ഉപയോഗയോഗ്യമല്ലെന്ന് നേരത്ത തന്നെ അധികൃതർ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കിന്റെ തൊട്ടടുത്ത മുറിയിൽ അങ്കണവാടി പ്രവൃത്തി കോർപറേഷൻ അധികൃതർ മാറ്റിസ്ഥാപിച്ചിരുന്നു. ഏതുസയമത്തും ഈ കേന്ദ്രത്തിൽ ആളുകൾ ഉണ്ടാവും. പാടേ ദ്രവിച്ച കെട്ടിടം ശക്തമായ മഴയിൽ ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്.