അജ്ഞാതൻ വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരി; ഐസ്ക്രീമുകൾ അലിഞ്ഞു നശിച്ചു
1542262
Sunday, April 13, 2025 5:22 AM IST
മുക്കം: അജ്ഞാതൻ വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരിയതോടെ ഐസ്ക്രീം ഏജൻസിയിലെ ഐസ്ക്രീമുകൾ അലിഞ്ഞു നശിച്ചു . കാരശേരി പഞ്ചായത്തിലെ ആക്കോട്ട് ചാലിലെ ദിവ്യയുടെ ഉടമസ്ഥതയിലുള്ള മിറാക്കിൾ ഐസ്ക്രീം ഏജൻസിയിലാണ് വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരിയതോടെ ഐസ്ക്രീം അലിഞ്ഞു നശിച്ചത്.
കഴിഞ്ഞ ദിവസം ദിവ്യ ഐസ്ക്രീം വിതരണത്തിനായി പുറത്ത് പോയി വൈകീട്ട് 6.45 ഓടെ കടയിൽ തിരിച്ചു വന്നപ്പോഴാണ് വൈദ്യുതി ഇല്ലാത്തത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീം കേടായതും വൈദ്യുതി മീറ്ററിന് അടുത്തുള്ള ഫ്യുസ് ഊരി വച്ചനിലയിലും കണ്ടെത്തിയത്.
ഉടനെ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ 11 ഓടെയാണ് എത്തി ഫ്യൂസ് പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി മുഴുവനും ജനറേറ്ററിലാണ് ഐസ്ക്രീം സൂക്ഷിച്ച ഫ്രീസറുകൾ പ്രവർത്തിച്ചത്. 30,000 ത്തോളം രൂപയുടെ നഷ്ടം കണക്കാകുന്നുണ്ട്. ദിവ്യ മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്.