കോഴിക്കോട് രൂപത മലബാറിന്റെ മുത്തശി
1542255
Sunday, April 13, 2025 5:16 AM IST
വടക്കൻ കേരളത്തിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ആത്മീയ മുത്തശിയാണ് കോഴിക്കോട് രൂപത. 1923ൽ സ്ഥാപിതമായ കോഴിക്കോട് രൂപതയെ കാലാകാലങ്ങളിൽ നയിച്ച അഭിവന്ദ്യ പിതാക്കൻമാരും വൈദികരും സമർപ്പിതരും റീത്തുവ്യത്യാസമില്ലാതെ ഈ രൂപതാതിർത്തിക്കുള്ളിൽ താമസക്കാരായ എല്ലാ കത്തോലിക്കരുടെയും ആത്മീയാവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല ചെയ്തത്. എല്ലാ ആവശ്യങ്ങളിലും അവരോടൊപ്പം നിൽക്കുകയും ദുഖഃദുരിതങ്ങളിൽ പങ്കുചേരുകയും ചെയ്തു.
ആ മഹദ്നിരയിലെ ആനുകാലിക കണ്ണിയാണ് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലും കേരള കത്തോലിക്കാ മെത്രാൻ സമിതിയിലും അദ്ദേഹം വഹിച്ചിട്ടുള്ളതും ഇപ്പോഴും വഹിക്കുന്നതുമായ ഉത്തരവാദിത്വങ്ങൾ അതിന്റെ തെളിവാണ്.
അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് അതിരൂപതയായി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് രൂപതയുടെ മെട്രോപ്പോലീത്തൻ ആർച്ച് ബിഷപ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടാൻ എല്ലാത്തരത്തിലും യോഗ്യനാണ്. കോഴിക്കോട് രൂപതയ്ക്ക് ശതാബ്ദി പിന്നിട്ട ഈ വേളയിൽ ലഭിച്ച വലിയ സമ്മാനമാണ് മെട്രോപ്പോലീത്തൻ അതിരൂപത എന്ന സ്ഥാനം.
ഈ സ്ഥാനലബ്ധിയിൽ മാനന്തവാടി രൂപതയും രൂപതയിലെ വൈദികരും സമർപ്പിതരും അൽമായ സഹോരങ്ങളും അടങ്ങുന്ന ദൈവജനം മുഴുവനും അതിയായി സന്തോഷിക്കുകയും കോഴിക്കോട് മെട്രോപ്പോലീത്തൻ അതിരൂപതയ്ക്കും അതിന്റെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിനും ആശംസകളും ദൈവാനുഗ്രഹവും നേരുകയും ചെയ്യുന്നു.
ബിഷപ് മാർ ജോസ് പൊരുന്നേടം
മാനന്തവാടി രൂപത മെത്രാൻ