ഓശാന സമ്മാനം
1542250
Sunday, April 13, 2025 5:16 AM IST
കോഴിക്കോട്: മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടിയ കുടിയേറ്റ ജനതയ്ക്കു വഴികാട്ടിയായി മാറിയ കോഴിക്കോട് രൂപതയ്ക്ക് അംഗീകാരമായി അതിരൂപത പദവി. കേരള ലത്തീന്‍ സഭയില്‍ മൂന്നാമത്തെ അതിരൂപതയാണു കോഴിക്കോട്. വരാപ്പുഴയും തിരുവനന്തപുരവുമാണ് മറ്റു രണ്ട് അതിരൂപതകള്‍.
1923 ജൂൺ 12നാണ് കോഴിക്കോട് രൂപത നിലവിൽവന്നത്. മംഗലാപുരം രൂപത മെത്രാനായിരുന്ന ബിഷപ് പെരീനിയാണ് കോഴിക്കോട് ആസ്ഥാനമായി രൂപത സ്ഥാപിക്കണമെന്നു റോമിലേക്ക് അഭ്യർഥന നടത്തിയത്. മംഗലാപുരം, മൈസൂർ, പോണ്ടിച്ചേരി, കോയമ്പത്തൂർ, രൂപതകളിൽനിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളുൾപ്പെടുന്ന മലബാർപ്രദേശം വേർതിരിച്ചെടുത്താണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കോഴിക്കോട് രൂപതയ്ക്ക് രൂപംനൽകിയത്.
ബിഷപ് പോൾ പെരീനിയായിരുന്നു ആദ്യ മെത്രാൻ. അദ്ദേഹത്തിന്റെ കാലശേഷം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മോൺ. ബെഞ്ചമിൻ എം. റസാനിയാണ് 1932 മുതൽ 38 വരെ രൂപതയുടെ ഭരണം നിർവഹിച്ചത്. 1938 മാർച്ച് 13ന് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഡോ. ലിയോ പ്രൊസർപ്പിയോ അഭിഷിക്തനായി. 1948 മുതൽ 1980 വരെ രൂപതയ്ക്കു നേതൃത്വം നൽകിയത് ബിഷപ് ആൽദോ മരിയ പത്രോണിയാണ്.
1980 സെപ്റ്റംബർ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി ബിഷപ് മാക്സ്വെൽ നെറോണ ചുമതലയേറ്റു. 2002ൽ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സാരഥ്യമേറ്റെടുത്തു.
അദ്ദേഹം റോമിൽ നിയമിതനായതോടെ മോൺ. വിൻസെന്റ് അറയ്ക്കൽ അഡ്മിനിസ്ട്രേറ്ററായി. 2012ൽ ചുമതലയേറ്റ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലാണ് ശതാബ്ദി വർഷത്തിലും രൂപതയെ നയിച്ചത്.
വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിടാന്‍ ഇക്കാലയളവില്‍ സാധിച്ചു. അന്ധവിദ്യാലയവും കുഷ്ഠരോഗം ബാധിച്ചവരുടെ പുനരധിവാസകേന്ദ്രവുമടക്കം അനേകം സ്ഥാപനങ്ങളാണ് രൂപത മലബാറിൽ സ്ഥാപിച്ചത്.
ദൈവം വിസ്മയങ്ങള്‍ സമ്മാനിക്കുന്നു: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: ദൈവം എപ്പോഴും വിസ്മയങ്ങള്‍ തന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് ബിഷപ്സ് ഹൗസില്‍ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തിയ പ്രഖ്യാപനച്ചടങ്ങില്‍ നന്ദി പറയുകയായിരുന്നു ആദ്ദേഹം.
ഇങ്ങനെ ഒരു അവസരം ലഭിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഒരോരുത്തരേയും നന്ദിയോടെ ഓര്‍മിക്കുന്നു.
ദൈവത്തിന്റെ അനുഗ്രഹമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ഥനകളിലൂടെ ഇനിയും അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷിക്കാഗോയില്‍ ധ്യാനത്തിനിടെ ഡല്‍ഹിയില്‍നിന്നും വന്ന ഫോണ്‍കോളിലൂടെയാണ് വിവരം അറിയുന്നത്. വിവരം പുറത്തു പറയരുതെന്നും പറഞ്ഞു.
പലരും വിളിച്ചു ചോദിച്ചിട്ടും പുറത്തു പറഞ്ഞില്ല. പറയാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് വിളിച്ചു ചോദിച്ചവരോട് താന്‍ പറഞ്ഞതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
ജീവിതരേഖ
കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകയില്‍ 1953 ഫെബ്രുവരി ഏഴിന് ചക്കാലക്കല്‍ കുടുംബത്തിലാണ് ഡോ. വർഗീസ് ചക്കാലക്കലിന്റെ ജനനം. ഔസേപ്പ്- മറിയം ദന്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെ മകനാണ്.
ആനിസ്, തോമസ്, കൊച്ചുത്രേസ്യ, ജോസഫ്, മേരി, എന്നിവരാണ് സഹോദരങ്ങൾ. മംഗലാപുരം സെമിനാരിയിൽനിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1981 ഏപ്രില്‍ രണ്ടിന് കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് ബിഷപ് ഡോ. മാക്സ്വെല് നെറോണയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
പള്ളിക്കുന്ന്, പാക്കം, ചാലില്‍, വെസ്റ്റ്ഹില്‍, ഏഴിമല, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1998 നവംബർ അഞ്ചിന് കണ്ണൂർ രൂപത ബിഷപ്പായി നിയമിതനായി. 2012 മേയ് 15 ന് കോഴിക്കോട് രൂപത ബിഷപ്പായി നിയമിതനായി.
കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി), ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഇൻ ഇന്ത്യ (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിലവില്‍ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) അധ്യക്ഷനാണ്.
തലശേരി അതിരൂപതയുടെ ഉറ്റസുഹൃത്ത്: മാർ ജോസഫ് പാംപ്ലാനി
മലബാറിലെ ദൈവജനവുമായി ഉറ്റ ബന്ധം പുലർത്തിയ ആളാണ് ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. വർഗീസ് ചക്കാലക്കലെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ ഉറ്റ സുഹൃത്താണ്. പിതാവ് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറിയപ്പോഴും സുഹൃദ്ബന്ധം ദൃഢമായി തുടരുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.