കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് നാടിന് സമര്‍പ്പിച്ചു
1542258
Sunday, April 13, 2025 5:16 AM IST
കോഴിക്കോട്: കോഴിക്കോട്ടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇത് ആഹ്ലാദനിമിഷം. നാലു നിലകളില്‍ 24,000 ചതുരശ്ര അടിയില്‍ നവീകരിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാടിനു സമര്‍പ്പിച്ചു.
ഏഴരക്കോടി രൂപ ചെലവില്‍ ഒന്നര വര്‍ഷമെടുത്താണ് "ലീഡര്‍ കെ. കെരുണാകരന്‍ മന്ദിര'ത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസങ്ങളിലെ തന്റെ പ്രാര്‍ഥനകള്‍ എല്ലാംതന്നെ ഓഫീസ് പൂര്‍ത്തീകരിക്കാന്‍ കരുത്തുനല്കണേ എന്നായിരുന്നെന്ന് ഡിഡിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ഓഫീസില്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ അനാഛാദനം ചെയ്തു. ഓഫീസിലെ ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്ററും വെബ്സൈറ്റും ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി.
ലീഡര്‍ കെ. കരുണാകരന്റെ പ്രതിമ മുല്ലപ്പള്ളി രാമചന്ദ്രന് അനാഛാദനം ചെയ്തു. ജയ്ഹിന്ദ് സ്ക്വയര്‍ വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം എം.എം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്ക്വയര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്ക്വയര്‍ എം.കെ രാഘവന് എംപിയും ഉദ്ഘാടനം ചെയ്തു.
എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്, പി.വി മോഹനന്, വിശ്വനാഥ് പെരുമാള്‍, റോജി എം. ജോണ്‍ എംഎല്‍എ എന്നിവര്‍ പ്രത്യേക അഭിസംബോധന നിര്‍വഹിച്ചു. ആര്യാടന് മുഹമ്മദ് സ്ക്വയര്‍ എ.പി അനില്‍ കുമാര്‍ എംഎല്‍യും എന്‍.പി മൊയ്തീന് സ്ക്വയര്‍ അഡ്വ. ടി. സിദ്ദീഖ് എംഎല്‍എയും അഡ്വ. പി. ശങ്കരന് മിനി ഓഡിറ്റോറിയം ഷാഫി പറമ്പില്‍ എംപിയും സിറിയക് ജോണ്‍ സ്ക്വയര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും ഉദ്ഘാടനം നിര്‍വഹിച്ചു.
എം.ടി പത്മ സ്ക്വയര്‍ കെപിസിസി സെക്രട്ടറി അഡ്വ. കെ. ജയന്തും യു. രാജീവന് സ്ക്വയര്‍ അഡ്വ. പി.എം നിയാസും കെ. സാദിരിക്കോയ സ്ക്വയര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനും ഇ.പി അച്ചുക്കുട്ടിനായര്‍ സ്ക്വയര്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബുവും ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.എ തുളസി, ജമീല ആലിപ്പറ്റ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍, തുടങ്ങിയവർ പ്രസംഗിച്ചു.