ഇനി നന്ദിപറയാന്‍ ആരെയെങ്കിലും വിട്ടുപോയോ ? ആ സ്നേഹമാണ് കരുതല്‍
1542251
Sunday, April 13, 2025 5:16 AM IST
കോഴിക്കോട്: എന്തു പറയണമെന്നറിയില്ല... എന്നു പറഞ്ഞുകൊണ്ട് തുടക്കം.. നന്ദിപറയുന്നതിനിടെ ആരുടെയെങ്കിലും പേര് വിട്ടുപോയോ എന്ന് പ്രസംഗത്തിന്റെ അവസാനത്തില്‍ ചോദ്യവും. എന്നും ചിരിച്ചമുഖത്തോടു കൂടി മാത്രം കണ്ടിട്ടുള്ള കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആര്‍ച്ച് ബിഷപായി ഉയര്‍ത്തപ്പെട്ട ദിവസവുംആ പുഞ്ചിരി കൈവിട്ടില്ല. അതിന് തെളിമയും ഭംഗിയും കൂടി എന്നുമാത്രം.
അപ്രതീക്ഷിതമെന്ന് ബിഷപ് പറയുമ്പോഴും ഒരു നാടാകെ ഇതിനായി ആഗ്രഹിച്ചിരുന്നുവെന്ന് ഇന്നലെ എത്തിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. തനിക്കുവേണ്ടി പ്രാര്‍ഥിച്ചവരെ എടുത്തപറഞ്ഞ് ആരുടെയെങ്കിലും പേരുവിട്ടുപോയോ എന്ന് ചോദിക്കുന്ന അദ്ദേഹത്തിന്റെ കരുതല്‍ തന്നെയാണ് കോഴിക്കോട് അതിരൂപതയുടെ ആദ്യ ബിഷപായി ആദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് കാരണമായതും.
ആര്‍ച്ച്ബിഷപ് ജോലി അല്പം കഷ്ടപ്പാട് നിറഞ്ഞതാണെന്നും ആ കഷ്ടപ്പാട് ചക്കാലക്കല്‍ പിതാവ് ഇനി അനുഭവിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയുടെ തമാശയോട് പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ആശംസകളര്‍പ്പിക്കാന്‍ എത്തിയവരോട് പതിവുപോലെ ചേര്‍ത്തുനിര്‍ത്തി കുശലാന്വേഷണം. എല്ലാവരുടെ പ്രാർഥനകളില്‍ മുന്നോട്ടുപേകാനാകുമെന്ന ഉത്തമബോധ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ആഘോഷങ്ങളൊന്നും പതിവില്ല.
പലരും കാണാന്‍ വരുന്നുണ്ട്. അത്രതന്നെ... ബിഷപായി ചുമതലയേറ്റ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. അതെ ഇന്നലെയും അദ്ദേഹത്തിന്റെ മുഖത്ത് അതേ ഭാവമായിരുന്നു. എല്ലാം ദൈവത്തിലര്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം തന്നെയായിരുന്നു ഇതിന് കാരണം.
സ്നേഹത്തിന്റെ സംസ്കാരം വളര്‍ത്തുകയെന്നതാണ് തന്റെ മാര്‍ഗമെന്ന് എല്ലാ കാലവും പറഞ്ഞ അദ്ദേഹം പുതിയ ചുമതലയെയും അതിനുള്ള മാര്‍ഗമായാണ് കാണുന്നത്. ഇന്നലെ വൈകുന്നേരം തന്നെ രാഷ്ട്രീയ-സാഹിത്യ സാമുഹിക സാംസ്കാരിക രംഗത്തെ നിരവധി പേര് അദ്ദേഹത്തെ കാണാന്‍ എത്തി.