കെഎസ്എസ്പിയു ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ
1539779
Saturday, April 5, 2025 5:01 AM IST
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ജില്ല 33-ാം വാർഷിക സമ്മേളനം 8,9 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ഏക അംഗീകൃത സംഘടനയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ.
പെൻഷൻകാരുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന അതിദരിദ്രരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയും ഒട്ടേറെ പ്രവർത്തനങ്ങൾ യൂണിയൻ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്.
പെൻഷൻകാരല്ലാത്ത വയോജനങ്ങൾക്കു വേണ്ടി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതി പൊതുസമൂഹത്തിന്റെ അംഗീകാരവും പ്രശംസയും നേടിയെടുത്തിട്ടുണ്ട്. ഈ വർഷം കൈത്താങ്ങ് പദ്ധതിയിൽ 520 പേർക്ക് 42,73,000 രൂപ പെൻഷനായി നൽകി കഴിഞ്ഞു.
കേരളത്തിനർഹമായ സാമ്പത്തിക വിഹിതങ്ങൾ തടഞ്ഞു വെക്കുന്ന കേന്ദ്രനയത്തിനും പെൻഷൻ പരിഷ്കരണം, സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടങ്ങിയ അവകാശങ്ങൾ അനുവദിക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സംസ്ഥാന നയത്തിനും എതിരായി നിരന്തരം പോരടിച്ചു കൊണ്ടിരിക്കുകയാണ് കെഎസ്എസ്പിയു.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ, സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.