പൈപ്പിടാനായി കീറിയ റോഡുകൾ നന്നാക്കിയില്ല : മണ്ണു മാന്തിയന്ത്രം കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ
1539778
Saturday, April 5, 2025 5:01 AM IST
മുക്കം: ജൽജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാനായി കീറിയ റോഡുകൾ പൈപ്പിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. കാരശേരി പഞ്ചായത്തിലെ കക്കാടിൽ ജെസിബി മണ്ണു മാന്തിയന്ത്രവും മറ്റും കൊണ്ടുപോകാനുള്ള ജൽ ജീവൻ ഉദ്യോഗസ്ഥരുടെ ശ്രമം വാർഡ് മെംബറുടെ നേതൃത്വത്തിൽ തടഞ്ഞു.
റോഡുകൾ നന്നാക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായാണ് പഞ്ചായത്ത് മെംബർ എടത്തിൽ ആമിനയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്നര വർഷം മുമ്പ് കുത്തിപ്പൊളിച്ച റോഡുകൾ കാൽനടയാത്രക്കുപോലും പറ്റാതെ അനുദിനം കൂടുതൽ അപകടക്കെണിയായിക്കൊണ്ടിരിക്കുകയാണ്.
ആംബുലൻസ് വാഹനമടക്കം കടന്നു പോകാൻ കഴിയാത്തതിനാൽ രോഗികളും പ്രായംകൂടിയവരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. അധികൃതരുടെ മുമ്പിൽ നേരിട്ട്ചെന്ന് നിരവധി തവണ പ്രയാസങ്ങൾ നിരത്തിയതായി മെംബർ പറഞ്ഞു. പക്ഷേ, ഫലമുണ്ടായിട്ടില്ല. പഞ്ചായത്ത് പണം മുടക്കിയാലേ റോഡ് പൂർവ സ്ഥിതിയിലാക്കാനാവൂ എന്ന നിലപാടിലാണ് ജൽ ജീവൻ അധികൃതരുള്ളത്. ഇത് പ്രായോഗികമല്ല.സംസ്ഥാന സർക്കാർ കോടികൾ കുടിശികയാക്കിയതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും ഇവർ ആരോപിച്ചു.
റോഡുകൾ പൂർവസ്ഥിതിയിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റാതെ ജെസിബി യന്ത്രങ്ങളെടുത്ത് രക്ഷപ്പെടാൻ അനുവദിക്കുകയില്ലെന്നു മാത്രമല്ല, ജനകീയ പ്രക്ഷോഭം ഊർജിതമാക്കുമെന്നും സമരക്കാർ വ്യക്തമാക്കി.
നാട്ടുകാരുടെ പ്രതിഷേധം നേരിയ സംഘർഷത്തിനു കാരണമായി. പ്രതിഷേധത്തിന് മെംബർ ആമിന എടത്തിൽ, ഷുകൂർ മുട്ടാത്ത്, നജീബ് പുതിയേടത്ത്, കെ.പി. ഷൗക്കത്ത്, എം. മുബാറക്, ആലി മുഹമ്മദ്, മുഹമ്മദ് കുയ്യിൽ, ജലാലുദ്ദീൻ, റഫീഖ് പാറക്കൽ, നൗഷാദ് വാഴയിൽ, സൈഫു പാറക്കൽ എന്നിവർ നേതൃത്വം നൽകി.