വേനൽ മഴയിൽ ആറ് ഏക്കർ നെൽകൃഷി നശിച്ചു
1539508
Friday, April 4, 2025 5:32 AM IST
താമരശേരി: വേനൽ മഴയിൽ ആറ് ഏക്കർ നെൽകൃഷി വെള്ളം കയറി പാടെ നശിച്ചു. പുതുപ്പാടി പഞ്ചായത്തിലെ ഒടുങ്ങാക്കാട് വാനിക്കര വയലിൽ നടത്തിയ ആറേക്കർ നെൽകൃഷിയാണ് അപ്രതീക്ഷിതമായി പെയ്ത മഴയിൽ നശിച്ചത്.
വലിയ പറമ്പ് കൂട്ടായ്മയുടെ കീഴിലാണ് കൃഷി ഇറക്കിയത്. നല്ല വിളവു കിട്ടുന്ന പൗർണ്ണമി ഇനത്തിൽപ്പെട്ട വിത്തുകളാണ് ഉപയോഗിച്ചത്. വൈകുന്നേരങ്ങളിൽ പെയ്യുന്ന വേനൽ മഴയാണ് ഇവർക്ക് വിനയായത്. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനാകാത്തതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനാകുന്നില്ല. നൂറു മേനി വിളഞ്ഞ നെല്ല് മഴയിൽ വെള്ളത്തിലേക്ക് മറിഞ്ഞ് കിളിർത്തു തുടങ്ങി. ജോലിക്കാരെ വച്ച് കിട്ടുന്നത് കൊയ്തെടുക്കുവാൻ ശ്രമിക്കുകയാണിവർ.
കൂലിയും ചെലവും കഴിഞ്ഞ് ഒന്നും കിട്ടില്ലെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയത് കളയനാകാത്തതിനാലാണ് കൊയ്തെടുക്കാൻ ശ്രമിക്കുന്നത്. പാടം ഒരുക്കി വിത്തിറക്കുമ്പോഴേക്കും നാല് ലക്ഷത്തോളം രൂപ ചെലവായെന്ന് സംഘത്തിന് നേതൃത്വം നൽകിയ ഇക്ബാൽ കത്തറമ്മൽ പറയുന്നു. തരിശായി കിടന്ന വയലാണ് ഇവർ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്.
വെള്ളത്തിൽനിന്ന് കൊയ്തെടുക്കുന്ന നെല്ലും ഉണങ്ങിയെടുക്കുന്നതിനു മുമ്പേ മുളച്ചു പോകുകയാണ്. ലക്ഷങ്ങൾ നഷ്ടമായതിന്റെ വിഷമത്തിലാണ് ഇവർ.കെ.ബി. വിബീഷ്, ടി.പി. മുർഷിദ്, എൻ.എം. റിയാസ്, വി.പി. ഷാഫി, കെ.പി. വിനോദ്, എം.കെ.സി. അബ്ദുറഹ്മാൻ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.