ചെറുകിട ജലസേചന സെന്‍സസിനു ജില്ലയില്‍ തുടക്കമാകുന്നു
1539502
Friday, April 4, 2025 5:27 AM IST
കോഴിക്കോട്: കേന്ദ്ര ജലശക്തി മാന്ത്രാലയത്തിനു കീഴില്‍ 2023-24 അടിസ്ഥാന വര്‍ഷമാക്കി ജലസേചന വകുപ്പ് മുഖേന നടപ്പാക്കുന്ന ഏഴാമത് ചെറുകിട ജലസേചന സെന്‍സസിനും വാട്ടര്‍ബോഡി സെന്‍സസിനും ജില്ലയില്‍ തുടക്കമാകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ അവലോകനയോഗം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.
ഏഴാമത് ചെറുകിട ജലസേചന സെന്‍സസ്, രണ്ടാമത് വാട്ടര്‍ബോഡി സെന്‍സസ്, ഒന്നാമത് ഇടത്തര- വന്‍കിട ജലസേചന സെന്‍സസ്, ഒന്നാമത് ഉറവ സെന്‍സസ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ കണ്വീനറമായുമുള്ള ജില്ലാതല അവലോകന സമിതി (ഡിഎല്‍ആര്‍സി) രൂപീകരിച്ചിട്ടുണ്ട്.
വിവര ശേഖരണത്തിനായി എല്ലാ പഞ്ചായത്തുകളിലും എന്യൂമറെറ്റര്മാരെയും ബ്ലോക്ക് തലത്തില്‍ സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ അവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവര ശേഖരണത്തിനായി ബന്ധപെട്ട വകുപ്പുകള്‍ ആവശ്യമായ മുഴുവന്‍ സഹായവും എന്യൂമറെറ്റര്മാര്ക്ക് ലഭ്യമാക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏപില്‍ മാസത്തില്‍ ആരംഭിച്ച് ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തീകരിക്കും. യോഗത്തില്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. മോഹന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.