പച്ചക്കറി കൃഷിയില്‍ പുതുവഴി തേടി യുവകര്ഷകന്
1539171
Thursday, April 3, 2025 5:08 AM IST
മുക്കം: കൃഷി നഷ്ടമെന്ന് പറഞ്ഞ് പരമ്പരാഗത കർഷകർ ഉൾപ്പെടെ കാർഷിക വൃത്തിയിൽനിന്ന് പിൻതിരിയുമ്പോൾ കാർഷികവൃത്തിയിൽ പുതുചരിത്രം രചിക്കുകയാണ് ഒരു യുവകർഷകൻ.പന്നിക്കോട് സ്വദേശി സുനീഷാണ് ഗ്രാമീണ മേഖലയിൽ അത്ര പരിചയമല്ലാത്ത കൃഷികൾ ചെയ്ത് മികച്ച വിളവ് നേടിയത്.
കോഴിക്കോട് ജില്ലയിൽ തന്നെ അപൂർവമായി കൃഷി ചെയ്യുന്ന പൊട്ടുവെള്ളരി, ബ്ലാത്താങ്കര ചീര എന്നിവയാണ് പ്രധാന കൃഷി. ഇതോടൊപ്പം വൈഗ ചീര, പച്ച ചീര, പയർ, വെണ്ട, ചുരങ്ങ, കൈപ്പ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പന്നിക്കോട് തായാട്ട് വയലിൽ ഒന്നര ഏക്കർ സ്ഥലവും മാട്ടുമുറിയിൽ സ്ഥലവും പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
പൂനൂരിലും വിവിധങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട് സുനീഷ്. യഥാസമയം നോക്കി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാവില്ലന്ന് നാട്ടുകാർ കുട്ടൻ എന്ന് വിളിക്കുന്ന സുനീഷ് പറയുന്നു. ആദ്യം അടുക്കളത്തോട്ടമായി രസത്തിന് ആരംഭിച്ച കൃഷി വരുമാന മാർഗമായതോടെ നിലനിർത്തുകയായിരുന്നു.
കൃഷിയുടെ വിളവെടുപ്പ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.