ഞെളിയൻ പറമ്പിൽ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് : ഭൂമി വിട്ടുനല്‍കാന്‍ തീരുമാനം
1539168
Thursday, April 3, 2025 5:08 AM IST
കോഴിക്കോട്: ഞെളിയൻ പറമ്പിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പദ്ധതിയ്ക്ക് ഭൂമി അനുവദിക്കുന്നതിന് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം. പ്ലാന്റ് സ്ഥാപിക്കുന്നതിന് 25 വർഷത്തേക്ക് ഭൂമി അനുവദിക്കണമെന്ന ഭാരത് പെട്രോളിയം കോർപറേഷ(ബിപിസിഎൽ)ന്റെ ആവശ്യമാണ് കൗൺസിൽ യോഗം അംഗീകരിച്ചത്. ഒരു വർഷം 1000 രൂപ സ്ഥലത്തിന്റെ പാട്ടതുകയായി ഈടാക്കാനും തീരുമാനമായി. പ്ലാന്റിന് ഏഴ് മുതൽ എട്ട് ഏക്കർവരെ സ്ഥലമാണ് ബിപിസിഎൽ ആവശ്യപ്പെട്ടത്.
ജൈവമാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനൊപ്പം പുതിയ ഊർജ ശ്രോതസുകളിലേക്കും ജൈവകൃഷി സംസ്കാരത്തിലേക്കും നഗരത്തെ കൈപ്പിടിക്കും വിധത്തിലാണ് ഞെളിയൻപറമ്പിൽ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ദിവസേന 150 മുതൽ 180 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ നിന്ന് 56 ടൺ ബോയോഗ്യസും 20 മുതൽ 25 ടൺവരെ ജൈവവളവും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
ഞെളിയൻ പറമ്പിൽ കോർപറേഷനിലെ ജൈവ മാലിന്യസംസ്കരണത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണിയാൻ ബിപിസിഎല്ലുമായി കോർപറേഷനൻ നേരത്തെ ധാരണയിലെത്തുകയും കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഞെളിയൻപറമ്പിൽ കോർപറേഷന് 17 ഏക്കർ സ്ഥലമാണ് ഉള്ളത്. ഇതിൽ ഏഴ് മുതൽ എട്ട് ഏക്കർ സ്ഥലമാണ് പ്ലാന്റ് നിർമാണത്തിനായി കൈമാറുക. ഈ സ്ഥലത്തെ മാലിന്യം കോർപറേഷൻ നീക്കണം.
കോർപറേഷൻ സ്ഥലംകൈമാറി സാങ്കേതിക അനുമതികളും ലഭിച്ചാൽ 24 മാസത്തിനകം പ്രവൃത്തി പൂർത്തീകരിച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 99 കോടി രൂപ ചെലവിലാണ് പദ്ധതിനടപ്പാക്കുക.