വിദ്യാർഥിയുടെ മരണം; നാട്ടുകാർ ബസ് തടഞ്ഞു
1539503
Friday, April 4, 2025 5:27 AM IST
പേരാന്പ്ര: സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികളും നാട്ടുകാരും ചേർന്ന് പേരാമ്പ്ര ടൗണിലും മുളിയങ്ങലിലും വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. മുളിയങ്ങലിൽ കുറ്റ്യാടി, കോഴിക്കോട് ബസുകൾ തടഞ്ഞപ്പോൾ പേരാമ്പ്ര പോലീസ് എത്തി രംഗം ശാന്തമാക്കിയാണ് ബസുകൾ വിട്ടയച്ചത്.
മുളിയങ്ങലിൽ നിന്നും ജനങ്ങൾ പേരാമ്പ്ര ടൗണിൽ എത്തിയും വാഹനങ്ങൾ തടയാൻ തുടങ്ങി. ഇതോടെ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഗതാഗതം നിലച്ചു. മണിക്കൂറുകളോളം പേരാമ്പ്ര ബസ് സ്റ്റാൻഡിൽ തടഞ്ഞിട്ട ബസുകൾ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷിദിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് എടുത്തു മാറ്റി.
പിന്നീട് പേരാമ്പ്ര ബൈപാസിലൂടെ പോയ ബസുകളും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പേരാമ്പ്ര എളമാരൻ കുളങ്ങര ക്ഷേത്ര നടക്കു മുൻപിൽ തടഞ്ഞ എസാർ ബസിലെ ജീവനക്കാർ നാട്ടുകാരോട് മോശമായി പെരുമാറിയതിനാൽ ഏറെ നേരം സംഘർഷത്തിന് കാരണമായി. നാട്ടുകാർ ബസിനകത്ത് കയറിയതോടെ പോലീസ് എത്തി ബസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി കൂട്ടായ്മ പേരാമ്പ്രയിൽ പ്രകടനവും യോഗവും നടത്തി.
പേരാമ്പ്ര കുറ്റ്യാടി റൂട്ടിലെ ബസ് അപകടത്തിന് പ്രധാന കാരണം അമിത വേഗതയും ലഹരി ഉപയോഗവുമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഡ്രൈവർമാർ വിവിധ ഇനം ലഹരികൾ ഉപയോഗിച്ചാണ് വാഹനം ഒടിക്കുന്നത്. നാവിന് അടിയിലും ചൂണ്ടിന് ഇടയിലും വയ്ക്കുന്ന സാധനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് തടയാൻ സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് കാരണം.
പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഏജന്റുമാരും അപകടത്തിന് പ്രധാന കാരണമാണ്. അവർ മെബൈലിലൂടെ ബസിലെ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകുന്നതാണ് പ്രധാന പ്രശ്നം. സന്ദേശങ്ങൾ കിട്ടുമ്പോൾ വാഹനങ്ങൾക്ക് വേഗം വർധിക്കും. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നാല് ഏജന്റുമാരാണ് സ്ഥിരമായി ഉണ്ടാകുന്നത്. ഇവരാണ് ബസുകൾക്ക് പ്രത്യേകം നിർദ്ദേശങ്ങൾ നൽകുന്നത്. മുളിയങ്ങൽ ചെകോലത്ത് റസാക്കിന്റെ മകൻ ഷാദിൽ (20) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്.