പുതിയ ഡിസിസി ഓഫീസ് കെട്ടിടം ഉദ്ഘാടനം 12ന്
1539178
Thursday, April 3, 2025 5:12 AM IST
കോഴിക്കോട്: അത്യാധനിക സജ്ജീകരണങ്ങളോടെ നാലു നിലകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് 12ന് തുറക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലീഡര്‍ കെ. കരുണാകരന് മന്ദിരം കോണ്‍ഗ്രസിന്റെ മാത്രം ഓഫീസ് ആയിരിക്കില്ല, മറിച്ച് പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവരുടെയും അഭയകേന്ദ്രം ആയിരിക്കും. പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഓരോ വ്യക്തിയുടെയും മുമ്പില്‍ ഈ ഓഫീസ് തുറന്നിട്ടിരിക്കും. ഈ മന്ദിരം മലബാറിലെ മതേതരത്വ സംരക്ഷണത്തിന്റെ സിരാകേന്ദ്രം കൂടിയായിരിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
24,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ഓഫീസ് നവീകരിച്ചിരിക്കുന്നത്. 27 മാസക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
പോഷക സംഘടനകള്‍ക്കുള്ള മുറികള്‍, ഓഡിറ്റോറിയം, മിനി ഓഡിറ്റോറിയം, റിസര്‍ച്ച് റൂം, ല്രൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉമ്മന്‍ ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും.
ഗാന്ധി പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജവഹര്‍ലാല്‍ നെഹ്റു പ്രതിമ അനാച്ഛാദനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍വഹിക്കും. ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരിക്കും. കെ. കരുണാകരന്റെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും അനാച്ഛാദനം ചെയ്യും.
ജയ്ഹിന്ദ് സ്ക്വയര്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആൻഡ് റീഡിംഗ് റൂം യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്ക്വയര്‍ പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്ക്വയര്‍ എ.കെ. രാഘവന് എംപിയും ഉദ്ഘാടനം ചെയ്യും. ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ബീച്ചില്‍ അരങ്ങേറുന്ന ത്രിവര്‍ണോത്സവത്തില്‍ പുസ്തകോത്സവം, ഫുഡ്ഫെസ്റ്റ്, മാധ്യമ സെമിനാര്‍, കോഴിക്കോടന്‍ കിസ, സംസ്കാരിക സദസ്, നാടകങ്ങള്‍, ഗാന്ധി പ്രഭാഷണം, കലാ സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ഏപ്രില്‍ ആറിന് ഡിസിസി ജനറല്‍ ബോഡിയില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, എന്‍. സുബ്രഹ്മണ്യന്, പി.എം അബ്ദുറഹ്മാന്, എം. രാജന്, നിജേഷ് അരവിന്ദ് എന്നിവരും സംബന്ധിച്ചു.