ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
1538983
Wednesday, April 2, 2025 10:41 PM IST
മുക്കം: മുക്കം കരിയാകുളങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക ചോര വാർന്ന് മരിച്ചു. മണാശേരി കുറ്റിയേരിമ്മൽ കദീജ (78) യ്ക്കാണ് ദാരുണാന്ത്യം.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ കദീജയെ ആശുപത്രിയിലെത്തിക്കാൻ ബൈക്ക് യാത്രികനും നാട്ടുകാരനും അതുവഴി വന്ന കാറുൾപ്പെടെയുള്ള വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും
ഒരു വാഹനം പോലും നിർത്തിയില്ല. വാഹനം നിർത്താത്തതിനെ തുടർന്ന്, പതിനഞ്ച് മിനിട്ടോളം വയോധിക റോഡിൽ കിടന്നു. തുടർന്ന്, അതുവഴി വന്ന ഓട്ടോറിക്ഷയിലാണ്
തൊട്ടടുത്തുള്ള മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വയോധിക മരണപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി എട്ടരയോടെ വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ മൃതദേഹം കബറടക്കി. ഭർത്താവ്: പരേതനായ കുറ്റിയേരിമ്മൽ ഇസ്മായിൽ. മകൻ: സി.കെ. നാസർ മരുമകൾ: സുബൈദ.