സംഭാവന ബോക്സിനും രക്ഷയില്ല
1539179
Thursday, April 3, 2025 5:12 AM IST
കൊയിലാണ്ടി: ഷോപ്പിൽനിന്നും സംഭാവന ബോക്സ് മോഷ്ടിക്കുന്ന ആളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. പഴയ സ്റ്റാൻഡിനു മുൻവശമുള്ള അഞ്ജന മെഡിക്കൽ ഷോപ്പിൽ നിന്നാണ് കോഴിക്കോട് സിഎച്ച് സെന്റർ സംഘടനയുടെ സംഭാവന ബോക്സ് മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
പ്രായമുള്ള ആൾ മെഡിക്കൽ ഷോപ്പിൽനിന്നും ചെറിയ തുകയ്ക്കുള്ള മരുന്നാണ് വാങ്ങിയത്. പാന്റും ഷർട്ടും ധരിച്ച് എത്തിയ ഇയാളുടെ കൈയിൽ ബിഗ് ഷോപ്പർ വലിപ്പമുള്ള സഞ്ചിയുണ്ടായിരുന്നു.
മരുന്നു വാങ്ങുന്നതിനിടയിൽ സഞ്ചി മേശപ്പുറത്ത് വച്ച് ബോക്സ് കടക്കാരൻ കാണാതെ എടുക്കുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്കുള്ള ബസ് എവിടെയാണ് നിർത്തുകയെന്ന് ചോദിച്ചശേഷമാണ് ആൾ കടയിൽ നിന്നും പോയത്.