പ്രായത്തെ മറന്ന് അവർ പള്ളിയങ്കണത്തിൽ ഒത്തുകൂടി
1539498
Friday, April 4, 2025 5:27 AM IST
മുക്കം: രോഗാവസ്ഥയിലോ പ്രായാധിക്യം കാരണമോ വർഷങ്ങളായി പള്ളിയിലേക്ക് വരാൻ പറ്റാതെ വീട്ടിൽ വിശ്രമിക്കുന്ന ഇടവകയിലെ മുഴുവൻ പേരെയും പള്ളിയിലെത്തിച്ചു പ്രാർഥനയിൽ പങ്കെടുപ്പിച്ചു മാതൃകയായിരിക്കുകയാണ് ഒരു ഇടവക.
താമരശേരി രൂപതക്ക് കീഴിലെ ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളി ഇടവകയാണ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കാതെ കൂടെകൂട്ടി അവരെ പരിചരിക്കണം എന്ന സന്ദേശം നൽകി "സ്നേഹ സ്വാന്തനം 'എന്ന പേരിൽ സംഗമം സംഘടിപ്പിച്ചത്. 10 വർഷത്തിലധികമായി പള്ളിയിലേക്ക് വരാൻ കഴിയാത്തവർ വരെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം പള്ളിയിൽ വരാനും പ്രാർഥനയിൽ പങ്കെടുക്കാനും പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ഇടവക വികാരി ഫാ. ജോസഫ് ലിവിന്റെ നേതൃത്വത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്.
പള്ളിയങ്കണത്തിൽ കുടുംബത്തോടൊപ്പം എത്തിയവരെ പൂ കൊടുത്തും പൊന്നാടയണിച്ചുമാണ് സ്വീകരിച്ചത്. കിടപ്പുരോഗികൾക്ക് കിടക്കാനാവശ്യമായ ബെഡുകൾ, വീൽ ചെയറുകൾ അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും പള്ളിയിൽ ഒരുക്കിയിരുന്നു. ലഹരിക്കടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെ പോലുംകൊല്ലുന്ന യുവ തലമുറയെ മാറ്റിച്ചിന്തിപ്പിക്കുക,
വളർത്തി വലുതാക്കിയവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക എന്നിവയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നു ഇടവക വികാരി ഫാ. ജോസഫ് ലിവിൻ പറഞ്ഞു. സെന്റ് ജോർജ് പള്ളി സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ സന്തോഷ് പാറേകോങ്ങാട്ട്, ജോയ് മഠത്തിൽ, ജോയ് കാട്ടുനിലം, സുനിൽ പൂവത്തിങ്കൽ, ജോസ് പാലിയത്തിൽ, ജോബിൻസ് തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.