18 വില്ലേജുകളില്‍ ഭൂമി സംബന്ധമായ സേവനങ്ങൾ ഡിജിറ്റലാകും
1538851
Wednesday, April 2, 2025 5:11 AM IST
സര്‍വേ പൂര്‍ത്തിയായി
കോഴിക്കോട്: ഭൂമിസംബന്ധമായ വിവരങ്ങൾക്ക് സുതാര്യത ഉറപ്പാക്കാൻ തുടങ്ങിയ ഡിജിറ്റൽ ഭൂസർവേ പൂർത്തിയാക്കി ജില്ലയിലെ 18 വില്ലേജുകൾ. ജില്ലയിലെ 51 വില്ലേജുകളാണ് സർവേ നടത്താനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 16 വില്ലേജുകളിലും രണ്ടാംഘട്ടത്തിൽ 17 വില്ലേജുകളിലും മൂന്നാംഘട്ടത്തിൽ 18 വില്ലേജുകളിലുമാണ് സർവേ നടക്കുന്നത്.
ഡിജിറ്റൽ ഭൂസർവേ പൂർത്തിയായ വില്ലേജുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു മാസത്തേക്ക് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരമുണ്ട്. പരിശോധനയിൽ ഭൂമി കുറവുള്ളതായി കണ്ടാൽ പുനഃപരിശോധന നടത്താം. 30 ദിവസത്തിനകം നേരിട്ടോ ഭൂമി പോർട്ടൽ മുഖേനയോ അപ്പീൽ അപേക്ഷ നൽകാം.
ഡിജിറ്റൽ ഭൂസർവേ പൂർത്തിയാക്കി സർവേ ബൗണ്ടറീസ് ആക്ട് സെക്ഷൻ 13 പ്രകാരം വിജ്ഞാപനം നടത്തിയ വില്ലേജുകളിൽ ഭൂമി സംബന്ധമായ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കാൻ ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ (ഐഎൽഐഎംഎസ്) പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സംയോജിത പോർട്ടലിലൂടെ നിരവധി സൗകര്യങ്ങളും ജനങ്ങൾക്ക് ലഭിക്കും.
ഭൂമി കൈമാറ്റത്തിനായി രജിസ്റ്റർ ചെയ്യാനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീമ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റൽ തുടങ്ങിയ നിരവധി സേവനങ്ങളാണ് ഒറ്റ പോർട്ടൽ വഴി ലഭ്യമാവുക.
വിവിധ ഓഫീസുകൾ സന്ദർശിക്കാതെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗവും വർധിക്കാൻ ഇതുവഴി സാധിക്കും. സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണവും ലഭ്യമാകും.