കൂരാച്ചുണ്ട് സിഎച്ച്സി ക്വാർട്ടേഴ്സുകൾ നാശത്തിലേക്ക്
1538855
Wednesday, April 2, 2025 5:11 AM IST
കൂരാച്ചുണ്ട്: ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കൈതക്കൊല്ലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് നിർമിച്ചിട്ടുള്ള ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നതായി പരാതി. വർഷങ്ങൾക്ക് മുമ്പ് കേന്ദ്രത്തിലെ ജീവനക്കാർക്ക് താമസിക്കുന്നതിനായി നിർമിച്ച കോൺക്രീറ്റ് കെട്ടിടങ്ങളാണ് സംരക്ഷിക്കാത്തതിനെത്തുടർന്ന് നാശത്തിലുള്ളത്. കോവിഡു കാലത്ത് ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നു.
കേന്ദ്രത്തിൽ ഐപി യൂണിറ്റ് ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഡോക്ടർമാർക്ക് താമസിക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമിച്ചത്.എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഐപി യൂണിറ്റ് ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ആവശ്യമായ കെട്ടിടവും ബെഡുകൾ അടക്കമുള്ള സൗകര്യങ്ങൾ വർഷങ്ങൾ മുമ്പ് തന്നെ ഇവിടെ തയാറാണ്.
പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്തും നിരവധി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയുമായിട്ടില്ല.
കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും നശിച്ചും കെട്ടിടം ചോർന്നൊലിക്കുന്ന നിലയിലുമാണ്. അടിയന്തരമായി കെട്ടിടങ്ങൾ സംരക്ഷിച്ച് ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.