കക്കയത്ത് വിനോദ സഞ്ചാരികളുടെ വരവിൽ വർധന; ഉരക്കുഴി സന്ദർശനത്തിന് ടിക്കറ്റ് നിരക്ക് 60 രൂപയാക്കി
1538859
Wednesday, April 2, 2025 5:11 AM IST
കൂരാച്ചുണ്ട്: അവധിക്കാലമായതോടെ മലബാറിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ കക്കയത്തേക്ക് വിവിധ ജില്ലകളിൽ നിന്നായി എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. വനം വകുപ്പിന്റെ കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിക്കുന്നവർക്കുള്ള പ്രവേശന പാസ് നിരക്ക് മുതിർന്നവർക്ക് 50 രൂപയിൽ നിന്നും 60 രൂപയും കുട്ടികൾക്ക് 30 രൂപയിൽനിന്നും 40 ആയും വർധിപ്പിച്ചത് ഇന്നലെ മുതൽ നിലവിൽ വന്നു.
ഇന്നലെ അഞ്ഞൂറിലേറെപ്പേർ ഉരക്കുഴി വെള്ളച്ചാട്ടം കാണാനായി എത്തിയെന്നാണ് അറിയുന്നത്. എന്നാൽ, കേന്ദ്രത്തിലെ അസൗകര്യങ്ങൾ സന്ദർശകരെ ചൊടിപ്പിക്കുന്നുണ്ട്.
കക്കയം ഡാം സൈറ്റിലുള്ള കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രത്തിലും സന്ദർശകരുടെ വർധനവുണ്ട്. സർവേ ആവശ്യാർഥം ആഴ്ചകളായി നിർത്തിയിട്ട ബോട്ടുകൾ കഴിഞ്ഞ ദിവസം മുതൽ സർവീസ് പുനരാരംഭിച്ചു.
ഡാം സൈറ്റിൽ വാഹന പാർക്കിംഗ് സൗകര്യക്കുറവ് പരിഹരിക്കാനായി കെഎസ്ഇബി സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവർക്കായി ആരംഭിച്ച ഭക്ഷണശാല ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രവർത്തം പുനരാരംഭിക്കാനായി ടെൻഡർ നടപടികളിലാണുള്ളത്.