കോഴിക്കോട് വന്‍ ലഹരിവേട്ട: മൂന്നുപേര്‍ പോലീസിന്റെ പിടിയില്‍
1515018
Monday, February 17, 2025 4:39 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിവേട്ട. വില്പനക്കായി കൊണ്ടു വന്ന 28 കിലോ കഞ്ചാവുമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു രണ്ടു പേരെയും മുക്കാല്‍ കിലോ എംഡിഎംഎയുമായി റെയില്‍ സ്റ്റേഷന് ഭാഗത്തുനിന്ന് ഒരാളെയും പോലീസ് പിടികൂടി.
കോഴിക്കോട് പുതിയ സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കസബ, ടൗണ്‍ പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
എറണാകുളം കളമശ്ശേരി സ്വദേശി ഗ്ലാസ് കോളനി ചാമപറമ്പില്‍ സി.എം.ഷാജി (30), വെസ്റ്റ് ബംഗാള്‍ സ്വദേശി മുര്‍ഷിദബാദ് ശെഹബ്രംപൂര് മോമിനൂള്‍ മലിത (26) എന്നിവരെ കസബ എസ്ഐ ആര്. ജഗ്മോഹന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ഡാന്‍സാഫും ചേര്‍ന്നാണ് കഞ്ചാവുമായി പിടികൂടിയത്.
പെരുമ്പാവൂര്‍, കളമശേരി ഭാഗങ്ങളില്‍ വില്‍പ്പനക്ക് എത്തിക്കാനാണ് ഇവര്‍ 28 കിലോ കഞ്ചാവുമായി ബസ് സ്റ്റാന്‍ഡിലെത്തിയത്. ഒഡീഷയില്‍നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്. പോലീസ് പിടികൂടാതിരിക്കാന്‍ ഇവര്‍ ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തി അവിടെനിന്ന് ടൂറിസ്റ്റ് ബസിലാണ് കോഴിക്കോട്ട് കഞ്ചാവ് എത്തിച്ചത്. പിടിയിലായ ഷാജിയുടെ പേരില്‍ എറണാകുളം ജില്ലയില്‍ അടിപിടി കേസുണ്ട്. ഇവര്‍ രണ്ടു പേരും പെയിന്റിംഗ് ജോലിക്കാരാണ്.
ജോലിയുടെ മറവില്‍ പെരുമ്പാവൂര്‍ ഭാഗത്ത് ലഹരികച്ചവടം നടത്തി വരുകയായിരുന്നു. പിടി കൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 11 ലക്ഷം രൂപ വരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മലപ്പുറം സ്വദേശി പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരിപറമ്പ് കെ.സിറാജി (31)നെയാണ് ടൗണ്‍ എസ്ഐ കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് എംഡിഎംഎയുമായി പിടികൂടിയത്. 778 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്നു പിടികൂടിയത്.
ന്യൂഡല്‍ഹിയില്‍നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ എംഡിഎംഎ കൊണ്ടു വന്നത്. സിറാജിന്റെ പേരില്‍ 2020ല്‍ എല്‍എസ് ഡി, എംഡിഎംഎ, മയക്കു ഗുളികള്‍ പിടികൂടിയതിന് ഹിമാചല്‍പ്രദേശില്‍ കേസ് ഉണ്ട്. ന്യൂഡല്‍ഹി, ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് സിറാജ്.
ന്യൂഡല്‍ഹിയില്‍നിന്നും ട്രെയിന്‍ മാര്‍ഗമാണ് സിറാജ് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് കടത്താനായി കോഴിക്കോടുനിന്നും ട്രെയിന്‍ മാര്‍ഗം ഗോവയില്‍ എത്തും. അവിടെ നിന്ന് വിമാനത്തിലാണ് ന്യൂഡല്‍ഹിക്ക് പോവുക. ന്യൂഡല്‍ഹിയില്‍നിന്നും എംഡിഎംഎ ഏര്‍പ്പാടാക്കിയശേഷം അവിടെനിന്നും ഗോവ വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ബാത്ത് റൂമില്‍ എംഡിഎം എ ഒളിപ്പിച്ചു വയ്ക്കും. ഈ ട്രെയിന്‍ ഗോവയില്‍ എത്തുന്നതിന് മുന്‍പേ ഇയാള്‍ ന്യൂഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ ഗോവയില്‍ എത്തും.
ഗോവയില്‍ നിന്ന് ട്രെയിനില്‍ കയറും. ട്രെയിന്‍ കോഴിക്കോട് എത്തുമ്പോള്‍ പെട്ടെന്ന് ബാത്ത്റൂമില്‍ കയറി നേരത്തെ ഒളിപ്പിച്ചുവച്ച ലഹരി എടുത്ത് സിറാജ് സ്ഥലം വിടുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
ഡാന്‍സാഫ് ടീമിലെ എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ.അബ്ദുറഹ്മാന്, എഎസ് ഐ അനീഷ് മൂസേന്‍വീട്, കെ.അഖിലേഷ്, സുനോജ് കാരയില്‍, പി.കെ.സരുണ്‍ കുമാര്‍, എം.കെ.ലതീഷ്, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മഹമദ് മഷ്ഹൂര്‍, കസബ സ്റ്റേഷനിലെ എസ്ഐ സജിത്ത് മോന്, എസ് സിപിഒമാരായ ജിതേന്ദ്രന്, രാജേഷ്, സുമിത്ത്, ഷിംജിത്ത്, ചാള്‍സ്, ടൗണ്‍ സ്റ്റേഷനിലെ എസ്ഐ ഷബീര്‍, എഎസ്ഐ സജീവ് കുമാര്‍, എഎസ്ഐ അജിത, എസ് സിപിഒമാരായ വിജേഷ്, ശ്രീജിത്ത്, വിപിന്‍, ബിനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.