ആര്‍ത്തവകാല ശുചിത്വം ലക്ഷ്യം: മെനസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു
1515528
Wednesday, February 19, 2025 4:38 AM IST
കോഴിക്കോട്: ആര്‍ത്തവകാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. കൗമാരക്കാര്‍ക്കും വനിതകള്‍ക്കുമായി ബാലുശേരി പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തത്.
വാര്‍ഡുകളില്‍നിന്നും മുന്‍ഗണനാ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് പദ്ധതി. പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ശ്രീജ അധ്യക്ഷത വഹിച്ചു. എരമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സരിത പുരുഷോത്തമന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വത്സല കാറളംകണ്ടി, ബീന കാട്ടുപറമ്പത്ത്, ആരിഫാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.