ട്രെയിന്‍ യാത്രക്കാരോട് മാനുഷിക പരിഗണന കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1515345
Tuesday, February 18, 2025 3:48 AM IST
കോഴിക്കോട്: ജോലിയുടെ സമ്മർദ്ദത്തിനും പരിമിതികൾക്കുമിടയിലും നിസഹായരായ യാത്രക്കാരുടെ അവസ്ഥ മനസിലാക്കി മാനുഷികപരിഗണന അർഹിക്കുന്ന കേസുകളിൽ അവരെ സഹായിക്കാനുള്ള സന്നദ്ധത റെയിൽവേ ജീവനക്കാർ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിലുണ്ടായത് പോലുള്ള തിക്താനുഭവം മറ്റൊരു യാത്രക്കാർക്കും ഭാവിയിൽ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് വടകര സ്റ്റേഷൻ മാസ്റ്റർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ പകർപ്പ് റെയിൽവേ ഡിവിഷണൽ മാനേജർക്കും (പാലക്കാട്) അയച്ചു.2022 ജൂൺ 9ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്സിൽ യാത്ര ചെയ്ത പി. ടി. വേലായുധൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ട്രെയിനില്‍ കയറാന്‍ പ്രയാസമുള്ള മകളെ സുരക്ഷിതയായി വണ്ടിയിൽ കയറ്റാൻ അധികസമയം സ്റ്റേഷൻ മാസ്റ്ററോട് അഭ്യർഥിച്ചെന്നും എന്നാൽ മകളെ കയറ്റി വരുമ്പോഴേക്കും ട്രെയിൻ വേഗത്തിലായെന്നുമുള്ള പരാതിയിലാണ് നടപടി. മകളെയും കൊണ്ട് ചികിത്സക്ക് എറണാകുളത്തേക്ക് പോവുകയായിരുന്നു കുടുംബം. ട്രെയിൻ അധികസമയം നിർത്തണമെന്ന് തീരുമാനിക്കാൻ സ്റ്റേഷൻ മാസ്റ്റർക്ക് അധികാരമില്ലെന്ന് റെയിൽവേ ഡി.ആർ.എം. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.