കൗതുകമായി ഇരട്ടതേങ്ങ
1515534
Wednesday, February 19, 2025 4:38 AM IST
മുക്കം: തേങ്ങക്കുള്ളിൽ മറ്റൊരു തേങ്ങ കൂടി കണ്ടത് കൗതുകമാവുന്നു. കാരശേരി നെല്ലിക്കാപ്പറമ്പ് സർക്കാർപറമ്പ് സ്വദേശി പട്ടാക്കൽ അബ്ദുള്ളയുടെ വീട്ടിലാണ് ഒരു തേങ്ങക്കുള്ളിൽ മറ്റൊരു തേങ്ങ കണ്ടെത്തിയത്. കാറ്ററിംഗ് ജോലി ചെയ്യുന്ന അബ്ദുള്ള പെങ്ങളുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന തേങ്ങയിലാണ് ഈ അത്ഭുതം.
വീട്ടിലെ ആവശ്യത്തിനായി തേങ്ങപൊളിച്ചു പൊട്ടിച്ചപ്പോഴാണ് ഇരട്ട തേങ്ങ കണ്ടത്. പ്രദേശത്തെ പ്രായമായവർ ഉൾപ്പെടെ നിരവധി പേരെ കാണിച്ചിട്ടും ഇതുവരെ ഇങ്ങനെ ഒരു ഇരട്ട തേങ്ങ കണ്ടിട്ടില്ല എന്ന മറുപടിയാണ് കിട്ടിയതെന്നും അബ്ദുള്ള പറഞ്ഞു. തേങ്ങയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപേരാണ് കാണാനായി എത്തുന്നത്.