കുഷ്ഠരോഗ നിര്‍ണയം: 8,87,343 പേരെ പരിശോധനയ്ക്ക് വിധേയരാക്കി
1515354
Tuesday, February 18, 2025 3:48 AM IST
കോഴിക്കോട്: ജനുവരി 30 മുതല്‍ ജില്ലയില്‍ നടന്നുവരുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയായ അശ്വമേധം 6.0 ക്യാമ്പയിന്റെ ഫെബ്രുവരി 16 വരെ യുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകരും പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും ജില്ലയില്‍ 2,51,275 വീടുകള്‍ സന്ദര്‍ശിച്ച് 8,87,343 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ കുഷ്ഠ രോഗത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉളള 1,393 പേരെ തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തു.
ജനുവരി 30 ന് ആരംഭിച്ച ക്യാമ്പയിന് 22നാണ് അവസാനിക്കുന്നത്. ജില്ലയിലെ രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുക വഴി രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും സ്ക്രീനിംഗ് ക്യാമ്പുകളും നടന്നു വരുന്നു.
ഭവന സന്ദര്‍ശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 2,035 ടീമുകളിലായി 4,070 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി നിയോഗിച്ചിട്ടുണ്ട്. ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം,തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധ ഔഷധ ചികിത്സയിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. അതിനുള്ള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.