മാങ്കാവ് ശ്മശാനം-മേത്തോട്ടുതാഴം റോഡ് : ആറ് മീറ്റര്‍ റോഡ് 18 മീറ്ററാകും
1515525
Wednesday, February 19, 2025 4:38 AM IST
കോഴിക്കോട്: പൂളാടിക്കുന്ന്-രാമനാട്ടുകര, മീഞ്ചന്ത-കാരപ്പറമ്പ് എന്നീ ബൈപാസുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ് ശ്മശാനം-മേത്തോട്ടുതാഴം റോഡ് വീതി കൂട്ടി നവീകരിക്കാൻ സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. മാങ്കാവ്-മേത്തോട്ടുതാഴം റോഡിനായി 9.92 ഏക്കർ സ്ഥലമേറ്റെടുപ്പാണ് പൂർത്തിയായത്. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. ഇതിനായി 31.21 കോടി രൂപ വിവിധ ഘട്ടങ്ങളിലായി പൂർണമായും കോർപറേഷൻ നൽകി.
നഷ്ടപരിഹാരം ആവശ്യമുള്ള 306 കേസുകൾക്ക് വേണ്ടിയാണ് ഈ തുക നൽകിയത്. 41 കോടി ചെലവ് വരുന്ന റോഡ് നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കോർപറേഷൻ അധികൃതർ അറിയിച്ചു. മൊത്തം മൂന്ന് കിലോമീറ്ററിലേറെ വരുന്ന റോഡാണ് നവീകരിക്കേണ്ടത്.
ചുവപ്പുനാടയിൽ 40 കൊല്ലത്തോളമായി തടസപ്പെട്ടുകിടന്ന റോഡ് നവീകരണമാണ് വീണ്ടും പ്രതീക്ഷയിലെത്തിയത്. നിലവിൽ ആറ് മീറ്ററോളം വീതിയുള്ള റോഡാണ് 18 മീറ്റർ വരെ വീതിയിലാവുക. പ്രത്യേക പാക്കേജ് നടപ്പാക്കി വീട് നഷ്ടപ്പെടുന്നവർക്കും കച്ചവടക്കാർക്കും കെട്ടിടം പോവുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും എല്ലാം പുനരധിവാസ പാക്കേജ് ഒരുക്കിയാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്.