സാഹിത്യ ചരിത്രത്തിലേക്ക് മിഴിതുറന്ന് എം.ടി ഫോട്ടോ പ്രദര്‍ശനം
1496580
Sunday, January 19, 2025 7:17 AM IST
കോഴിക്കോട്: സാഹിത്യത്തിന്റെ ഭൂതകാലത്തേക്ക് കാമറക്കണ്ണുകള്‍ നീളുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിൽ. വൈക്കം മുഹമ്മദ് ബഷീറും എസ്.കെ. പൊറ്റെക്കാട്ടും തകഴിയും വൈലോപ്പിള്ളിയും തിക്കോടിയനുമെല്ലാം എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പം നമുക്കു മുന്നിലെത്തുന്നു.
സീനിയര്‍ ജേർണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.ടി ഫോട്ടോ പ്രദര്‍ശനത്തിലാണ് അപൂര്‍വ നിമിഷങ്ങള്‍ക്കു അരങ്ങൊരുങ്ങിയത്. പ്രദര്‍ശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, വി.ആര്. സുധീഷ്, സീനിയര്‍ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രദർശനം 22 വരെ നീണ്ടുനില്‍ക്കും.
എം.ടി. വാസുദേവന്‍ നായരുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചന്‍ പറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുതല്‍ അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
"പകരുന്ന അഗ്നി, പടരുന്ന ജ്വാല' എന്ന തലക്കെട്ടിലുള്ള ഫോട്ടോയില്‍ പ്രേംജിയും വൈലോപ്പിള്ളിയും തകഴിയും മുണ്ടശേരിയും എം.ടിക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങളാണ് ഒപ്പിയെടുത്തിട്ടുള്ളത്. എസ്.കെയുടെ വീടായിരുന്ന ചന്ദ്രകാന്തത്തില്‍ നടന്ന ഒത്തുചേരലില്‍ വൈക്കം മുഹമ്മദ് ബഷീറും എം.ടിയും എസ്.കെയും ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ കാണാം. ബഷീറിനൊപ്പമുള്ള എം.ടിയുടെ പഴയകാല ചിത്രവും പ്രദര്‍ശനത്തിലുണ്ട്.
പട്ടത്തുവിള, തിക്കോടിയന്, ആതാടി ദാമോദരൻ, അരവിന്ദന് എന്നിവര്‍ക്കൊപ്പമുള്ള എം.ടിയുടെ ഫോട്ടോയും പുതുതലമുറയ്ക്ക് വിസ്മയം നല്‍കുന്നതാണ്. സിനിമയ്ക്ക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്, കുടുംബം, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള നിമിഷങ്ങള്‍ തുടങ്ങി ചരിത്രത്തിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ഫോട്ടോകൾ.
35 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയതാണ് ചിത്രങ്ങൾ. ഇത്രയധികം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഒരു വ്യക്തിയുടെ നൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വരുന്നത് കേരളത്തില്‍ ആദ്യമാണ്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരെ ഏഴു വരെയാണ് പ്രദര്‍ശനം. നാളെ വൈകുന്നേരം അഞ്ചിന് എം.ടിയുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ പകര്‍ത്തിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ അനുഭവം പങ്കുവയ്ക്കും.