മലയോര ഹൈവേ നിർമാണം; അധികൃതരുടെ കനിവ് കാത്ത് വഴി നഷ്ടപ്പെട്ട വീട്ടമ്മ
1496824
Monday, January 20, 2025 5:48 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചക്കിട്ടപാറ ചെമ്പ്ര മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വീട്ടമ്മയുടെ വഴിമുട്ടിയതായി പരാതി. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് 12ലെ പിള്ളപ്പെരുവണ്ണ മുക്കിലെ താമസക്കാരിയും വിധവയുമായ മാടപ്പള്ളി സലിജക്കാണ് ദുർവിധി. ഭൂമിശാസ്ത്രപരമായി റോഡിൽ നിന്ന് അൽപ്പം താഴ്ന്ന ഭാഗത്താണ് നേരത്തെ തന്നെ ഇവരുടെ വീട്. മലയോര ഹൈവേക്കായി ഓവുചാലിന്റെ ഭിത്തി ഉയർത്തിപ്പണിതതോടെയാണ് വീട്ടിലേക്ക് വഴി തടസമുണ്ടായത്. പുറത്തേക്ക് മരപ്പലകയിലൂടെ കയറിൽ തൂങ്ങിയാണ് ഇപ്പോൾ പോകുന്നത്.
ഓവുചാലിന്റെ പണി കഴിഞ്ഞാൽ വീട്ടിലേക്ക് വഴി ഉണ്ടാക്കി തരാമെന്നാണ് കെആർഎഫ്ബി പറയുന്നത്. ഇറക്കമുള്ള റോഡ് ഭാഗത്താണ് വീട്. വീട്ടിൽ നിന്ന് വാഹനമോടിച്ച് ഉയരമുള്ള റോഡിലേക്ക് കയറ്റുമ്പോൾ അപകട സാധ്യത കൂടുതലാണെന്നാണ് വീട്ടമ്മ പറയുന്നത്. ഒരു വശത്തു നിന്ന് ചെരിച്ച് കയറ്റം കുറച്ച് വഴി ഉണ്ടാക്കി തരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതിനു ചെലവ് കൂടുതൽ വരുമെന്ന ന്യായം നിരത്തി വകുപ്പധികൃതർ ഒഴിഞ്ഞു മാറുകയാണ്.
വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോടൊക്കെ സലിജ തന്റെ വഴി പ്രശ്നം അവതരിപ്പിച്ചു. ഇവർ സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളും കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരായ യുഎൽസിസിയും ശ്രമിച്ചാൽ വീട്ടമ്മയുടെ വഴി പ്രശ്നത്തിനു പരിഹാരമാവും.