മുക്കം നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുവർഷം; അനങ്ങാതെ ജല അഥോറിറ്റി
1496581
Sunday, January 19, 2025 7:17 AM IST
മുക്കം: മുക്കം നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുവർഷമായിട്ടും അനങ്ങാതെ ജല അഥോറിറ്റി. ഇതുമൂലം വ്യാപാരികളും നാട്ടുകാരും വലിയ ദുരിതമാണ് നേരിടുന്നത്.
ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ വൻ വില കൊടുത്താണ് നിലവിൽ വെള്ളം പുറത്തുനിന്ന് വാങ്ങുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ, മുക്കം നഗരസഭ, ജല അഥോറിറ്റി എന്നിവർക്ക് നിരവധി തവണ പരാതികൾ നൽകുകയും അനവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വലിയ തുകയാണ് ജലത്തിനുവേണ്ടി മുക്കം നഗരത്തിലെ വ്യാപാരികൾ മുടക്കേണ്ടി വരുന്നത്.
പലയിടത്തും പൈപ്പുകൾ പൊട്ടുകയും കാലപ്പഴക്കത്താൽ ദ്രവിച്ചതുമാണ് മുക്കം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങാൻ കാരണമായത്. എന്നാൽ ഇത് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കോടികൾ വിനിയോഗിച്ചു നടത്തിയ മുക്കം നഗര സൗന്ദര്യവൽക്കരണത്തിന് മുന്പ് പൈപ്പുകൾ മാറ്റണമെന്ന് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജല അഥോറിറ്റി ഇത് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൂർത്തിയായതിനാൽ റോഡുകൾ വെട്ടിപ്പൊളിക്കാൻ കേരള ജല അഥോറിറ്റി അനുമതി തേടിയെങ്കിലും കിട്ടിയില്ല. പുതിയ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലെ അനൗചിത്യം നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
പൊട്ടിയ പൈപ്പുകൾ മാറ്റാതെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും കഴിയില്ല. ഇതോടെ അധികൃതർ തമ്മിലുള്ള ഏകോപനമില്ലായ്മയും ഉദാസീനതയും വീണ്ടും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നവ കേരള സദസിലടക്കം അടിയന്തരമായി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നിവേദനം നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. നവ കേരള സദസിനുശേഷം പ്രശ്നം പരിഹരിക്കുമെന്ന് എംഎൽഎ വ്യാപാരികൾക്ക് ഉറപ്പു നൽകിയിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടില്ല.
യൂത്ത് കോൺഗ്രസ് ഉപവാസ സമരം നടത്തി
മുക്കം: മുക്കം നഗരത്തിലെ കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്തിന്റെ നേതൃത്വത്തിൽ മുക്കം എസ്കെ പാർക്കിൽ ഏകദിന ഉപവാസ സമരം നടത്തി. കെപിസിസി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ഇളനീർ നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുഫിയാൻ ചെറുവാടി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.