ഡീസൽ കടത്ത്: ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
1496569
Sunday, January 19, 2025 7:16 AM IST
നാദാപുരം: നികുതി വെട്ടിച്ച് കടത്തി കൊണ്ടുപോവുകയായിരുന്ന ഡീസൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി.
താമരശേരി ഉണ്ണികുളം പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടിൽ എൻ.പി. ഷുഹൈബി(40) നെയാണ് എടച്ചേരി പോലീസ് ഇൻസ്പെക്ടർ ടി.കെ. ഷിജു അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ താമരശേരിയിൽ നിന്നാണ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.2024 സെപ്റ്റംബറിൽ പെരിങ്ങത്തൂർ കരിയാടാണ് കേസിനാസ്പദമായ സംഭവം.
2000 ലിറ്റർ ഡീസൽ നികുതി വെട്ടിച്ച് ലോറിയിൽ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിച്ച് ഓടിച്ച്പോവുകയായിരുന്നു. ഡീസൽ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കാർ റോഡിന് കുറുകെ നിർത്തി മാർഗതടസം സൃഷ്ടിച്ച് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കൂടിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.