കാത്ത് ലാബ് പ്രവർത്തനം മുടങ്ങിയത് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ്
1496293
Saturday, January 18, 2025 5:34 AM IST
കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം ഏഴ് മാസത്തോളമായി മുടങ്ങിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി പ്രത്യേക സമിതിയെ നിയോഗിച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വിതരണക്കാർ സ്റ്റൻഡ് വിതരണം നിർത്തിയത് കാരണം കാത്ത് ലാബിൽ ആൻജിയോ പ്ലാസ്റ്റിയും ആൻജിയോഗ്രാമും മുടങ്ങിയത് ചർച്ചയായത്.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള പണം ലഭിക്കാനുണ്ടെന്നും എന്നാൽ, കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മാത്രമാണ് കാത്ത് ലാബ് പ്രവർത്തനം പൂർണമായും നിർത്തിവെച്ചതെന്നും ആരോഗ്യ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.
എന്തുകൊണ്ടാണ് ഈ സാഹചര്യം എന്നത് അന്വേഷിക്കുന്നതിന് നാഷനൽ ഹെൽത്ത് മിഷനൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ബീച്ച് ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ അടക്കമുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി. ആരോഗ്യ മന്ത്രി, വകുപ്പ് സെക്രട്ടറി, ഡിഎം.ഒ, എൻഎച്ച്എം ഡിപിഎം തുടങ്ങിയവരും പങ്കെടുത്ത യോഗത്തിൽ ബീച്ച് ആശുപത്രി സൂപ്രണ്ട് ഓൺലൈനായും പങ്കെടുത്തിരുന്നു.