അപകട ഭീഷണിയായ റോഡിലെ മരം മുറിച്ചു മാറ്റാനായി കോൺഗ്രസ് സമരം
1496283
Saturday, January 18, 2025 5:23 AM IST
നാദാപുരം: സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപം അപകട ഭീഷണിയായ കൂറ്റൻ തണൽ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചു. കായപ്പനച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. എം.ടി. രാഹുലൻ അധ്യക്ഷത വഹിച്ചു.
റോഡരികിലെ കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷത്തിൽ അപകടാവസ്ഥയിലായ മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൂടുതൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. പാലത്തോട് ചേർന്ന രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്.
വേരുകൾ പൊങ്ങി സംസ്ഥാന പാതയിലെ ടാറിംഗ് തകർന്ന നിലയിലുമാണ്. റോഡിന് ഇരുവശവുമുള്ള മരങ്ങളിൽ എട്ടെണ്ണമാണ് അപകട നിലയിലുള്ളത്. നേരത്തേ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല.