കാലിക്കട്ട് സര്‍വകലാശാല ശാസ്ത്രയാൻ പ്രദർശനം ഇന്ന് സമാപിക്കും
1496289
Saturday, January 18, 2025 5:34 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയുടെ അക്കാദമിക - ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം ഇന്ന് സമാപിക്കും. സര്‍വകലാശാലാ പഠനവകുപ്പുകളുടെതും പുറത്തുനിന്നുള്ള ഗവേഷണ സ്ഥാപനങ്ങളുടെതുമായി 65 സ്റ്റാളിലെ പ്രദർശനം കാണാനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേരാണ് വെള്ളിയാഴ്ച ക്യാമ്പസിൽ എത്തിയത്.
പരിസ്ഥിതി പഠനവകുപ്പിൽ ഒരുക്കിയ ഗോത്ര വർഗ പഠനകേന്ദ്രത്തിന്റെ സ്റ്റാളിൽ ഗോത്ര ജനതയുടെ വീടുകളിലെ നിന്ന് ശേഖരിച്ച വിവിധ വീട്ടുപകരങ്ങളും കാർഷിക ഉപകരണങ്ങളും 59 ഇനം നെൽ വിത്തിനങ്ങളും പ്രദർശിപ്പിക്കുണ്ട്.
ഫോക് ലോർ പഠനവകുപ്പിന്റെ സ്റ്റാളിൽ വൈവിധ്യമാർന്ന തെയ്യച്ചമയങ്ങൾ, കേരളത്തിലെ അനുഷ്ഠാന കലകളുടെ രൂപങ്ങൾ, കളരി ആയുധങ്ങൾ, കേരളത്തിന്റെ ഭൗതിക സംസ്ക്കാരത്തിന്റെ നേർക്കാഴ്ചകളും പ്രദർശനത്തിൽ കാണാൻ കഴിയും. സോഷ്യോളജി പഠനവകുപ്പ് സ്റ്റാളിൽ ഇമാജിനേഷൻ, പാനോപ്റ്റികോൺ, ഡിജിറ്റൽ ഡിവൈഡ്, ഇൻവിസിബിൾ ലേബർ തുടങ്ങി നിരവധി സാമൂഹിക ശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രവർത്തന രൂപങ്ങൾ ഇൻസ്റ്റലേഷനുകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമൂഹികസിദ്ധാന്തങ്ങളെയും പ്രതിഭാസങ്ങളെയും ലളിതമായി ഇവിടെ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ‘അടിയാള പ്രേതം’ നാടകം അരങ്ങേറി. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം ആര്യഭട്ടാ ഹാളിൽ നടക്കും.
വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഡയറക്ടർ ഡോ. എൻ. എസ്. പ്രദീപ് മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ് സെനറ്റ് അംഗംങ്ങൾ പങ്കെടുക്കും.