കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പദവി: മുസ്ലിം ലീഗ് കാട്ടിയത് അവിശുദ്ധ കൂട്ടുകെട്ടെന്ന്
1496571
Sunday, January 19, 2025 7:16 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് മുന്നണിയിലെ കക്ഷിയായ മുസ്ലിം ലീഗ് അവിശ്വാസ നോട്ടീസ് നൽകിയത് എൽഡിഎഫുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് കാണിക്കുന്നതെന്ന് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇക്കാര്യത്തിൽ മുസ്ലിം ലീഗ് മുന്നണി മര്യാദ കാട്ടിയിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. രണ്ട് സീറ്റ് മാത്രമുള്ള ലീഗിന് ഒരു സ്വതന്ത്രനും ഒരു ഔദ്യോഗിക അംഗവുമാണുള്ളത്. അതിൽ സ്വതന്ത്രനായ അംഗത്തിന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവിയും ഒരാൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകി കോൺഗ്രസ് മുന്നണി മര്യാദ കാട്ടിയിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം കൈമാറാത്തതിനെ തുടർന്ന് 14-ാം തിയതി പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മാറ്റുകയും ചെയ്തു.
തുടർന്ന് മണ്ഡലം പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കടയ്ക്ക് നൽകുകയും ചെയ്തു. മണിക്കൂറുകൾ പോലും സമയം നൽകാതെ പുതുതായി ചുമതലയേറ്റ മണ്ഡലം പ്രസിഡന്റുമായി ഒരു ആലോചനയോ, ചർച്ചയോ നടത്താതെയാണ് 15ന് ലീഗ് എൽഡിഎഫിനെ കൂട്ടുപിടിച്ച് അവിശ്വാസ നോട്ടീസ് നൽകിയതെന്നും നേതാക്കൾ ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾക്കെതിരേ ജില്ലാ കമ്മിറ്റിയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നും ഈ വിഷയത്തിൽ കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പോഷക സംഘടനാ ഭാരവാഹികളും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് പയസ് വെട്ടിക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ സുനീർ പുനത്തിൽ, സിബി കാരക്കട, കെ.സി മൊയ്തീൻ, ഷാജി ഒറ്റപ്ലാക്കൽ, സിബി കാരക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.